മരണ തടാകം കണ്ടെത്തി ശാസ്ത്രജ്ഞർ; ചെന്നുപെടുന്നവയെല്ലാം അവസാനിക്കും, ജീവനോടെ ആർക്കും തിരിച്ചുവരവില്ല
text_fieldsഅതിസാന്ദ്രതയേറിയ ലവണജലം, മറ്റ് ധാതുക്കളുടെ അതിപ്രസരം, ജീവനുള്ള എന്തും ഒരുനിമിഷം കടന്നുവന്നാൽ മതി അന്ത്യം സുനിശ്ചിതം- മരണ തടാകം കണ്ടെത്തിയിരിക്കുകയാണ് മിയാമി സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ചെങ്കടലിന് അടിയിലാണ് ഈയൊരു തടാകത്തെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ചെങ്കടലിന്‍റെ അടിത്തട്ടിൽനിന്ന് 1.7 കിലോമീറ്റർ അടിയിലായാണ് ജീവന് നിലനിൽക്കാനാവാത്ത ഈ മേഖല സ്ഥിതിചെയ്യുന്നത്. വിദൂരമായി നിയന്ത്രിക്കാവുന്ന സമുദ്രഗവേഷണത്തിനുപയോഗിക്കുന്ന ചെറുവാഹനം ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ മേഖല കണ്ടെത്തിയത്.
സമുദ്രത്തിന്‍റെ അടിത്തട്ടിലുണ്ടായ സമ്മർദത്തിന്‍റെ ഫലമായാണ് ഈ മരണ തടാകം രൂപംകൊണ്ടതെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. സാന്ദ്രതയേറിയ ഉപ്പുവെള്ളവും രാസവസ്തുക്കളും ധാതുക്കളും നിറഞ്ഞ മേഖലയാണിത്. ചെങ്കടലിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉപ്പിന്‍റെ സാന്ദ്രത വളരെയേറെയാണിവിടെ. ഈയൊരു സമുദ്രാന്തർ തടാകത്തിന് കടന്നുവരുന്ന എന്തിനെയും ജീവനോടെ അച്ചാറിന് സമമാക്കിമാറ്റാനുള്ള ശേഷിയുണ്ട്.
ഭൂമിയിലെ ഏറ്റവും കടുത്ത പരിസ്ഥിതികളിലൊന്നാണിതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന സാം പർക്കിസ് പറയുന്നു. ഈ മേഖലയിലേക്ക് അടുക്കുന്ന ജീവികളെല്ലാം കൊല്ലപ്പെടും. ചില മത്സ്യങ്ങളും കൊഞ്ച് വിഭാഗത്തിൽപെട്ടവയും ഈ മേഖലയിൽ ഇരപിടിക്കാൻ ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മരണ തടാകത്തിലേക്ക് അബദ്ധത്തിൽ കടന്ന് ജീവനറ്റ് പുറത്തെത്തുന്ന ജീവികളെയാണ് ഇവ ഭക്ഷണമാക്കുകയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
സമുദ്രങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നത് സംബന്ധിച്ചുള്ള പഠനങ്ങൾക്ക് ഇത്തരം കണ്ടെത്തലുകൾ സഹായകമാകുമെന്ന് സാം പർക്കിസ് ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മജീവികൾക്ക് ഈ മേഖലയിൽ അതിജീവിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ സാഹചര്യത്തിലുള്ള മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവജാലങ്ങൾക്ക് നിലനിൽക്കാനുകുമോയെന്നത് സംബന്ധിച്ചും ഈ കണ്ടെത്തൽ വെളിച്ചംവീശുന്നു. ഭൂമിയിലെ ജീവന്റെ പരിമിതികൾ മനസ്സിലാക്കിയാൽ മാത്രമേ, അന്യഗ്രഹങ്ങളിൽ ജീവന് നിലനിൽക്കാൻ കഴിയുമോ എന്ന് നിർണ്ണയിക്കാൻ നമുക്കാകൂ -അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായല്ല ഇത്തരം മരണ തടാകങ്ങൾ കണ്ടെത്തുന്നതെന്ന് ന്യൂയോർക് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ചെങ്കടലിനും മെഡിറ്ററേനിയൻ കടലിനും മെക്സിക്കൻ ഉൾക്കടലിനും അടിത്തട്ടിൽ ഇത്തരം നിരവധി ചാവുതടാകങ്ങൾ സമുദ്രശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.