ഒന്നും രണ്ടുമല്ല, 2024നെ 16 തവണ വരവേൽക്കും ഇവർ...
text_fields2024-നെ വരവേൽക്കാൻ തയ്യാറായിരിക്കുകയാണ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ ഇന്ത്യൻ സമയം വൈകീട്ട് 3.30ഓടെ പുതുവർഷം പിറന്നുകഴിഞ്ഞു. പിന്നാലെ ന്യൂസിലൻഡും പുതുവർഷം ആഘോഷിച്ചു. എന്നാൽ, ലോകത്ത്, 2024-നെ 16 തവണ വരവേൽക്കാൻ ഭാഗ്യം ലഭിച്ച ചിലരുണ്ട്. അവർ മറ്റാരുമല്ല, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ബഹിരാകാശയാത്രികരാണ്.
മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗതയിൽ ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഒരിക്കൽ ഭൂമിയെ വലംവയ്ക്കുന്നുണ്ട്. വിവിധ ടൈം സോണുകൾ താണ്ടിയുള്ള നിലയത്തിന്റെ സഞ്ചാരം ഒന്നിലധികം തവണ പുതുവർഷത്തെ സ്വാഗതം ചെയ്യാനുള്ള അതുല്യമായ അവസരം ബഹിരാകാശ യാത്രികർക്ക് ലഭിക്കുന്നു.
ഉപരിതലത്തിൽ നിന്ന് ശരാശരി 400 കിലോമീറ്റർ മുകളിൽ നിന്നാണ് ഐ.എസ്.എസ് ഭൂമിയെ പരിക്രമണം ചെയ്യുന്നത്, സെക്കൻഡിൽ ഏകദേശം എട്ട് കിലോമീറ്റർ സഞ്ചരിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ 24 മണിക്കൂറിലും 16 സൂര്യോദയങ്ങൾക്കും 16 സൂര്യാസ്തമയങ്ങൾക്കും ബഹിരാകാശയാത്രികർ സാക്ഷിയാകുന്നുണ്ട്.
ഭൂമിയിലെ 12 മണിക്കൂർ പകൽ - 12 മണിക്കൂർ രാത്രി, എന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികർക്ക് 45 മിനിറ്റ് പകലും 45 മിനിറ്റ് രാത്രിയും ആവർത്തിക്കുന്ന പാറ്റേണിൽ അനുഭവപ്പെടുന്നു. ഈ ആവർത്തന ചക്രം ഒരു ദിവസം 16 തവണ സംഭവിക്കുന്നുണ്ട്. അതിന്റെ ഫലമായി ഭ്രമണപഥത്തിൽ മൊത്തം 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും സംഭവിക്കുന്നു. ഇത് ബഹിരാകാശ സഞ്ചാരികൾക്ക് മൈക്രോബയോളജി, മെറ്റലർജി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ പരീക്ഷണങ്ങൾ നടത്താൻ അവസരം നൽകുന്നു, ഇത് ഭൂമിയിൽ നിന്ന് സാധ്യമാകാത്ത പല പഠനങ്ങളും സാധ്യമാക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.