സൂര്യന്റെ വലിയ ഭാഗം അകന്ന് ചുഴിയായി മാറി; അമ്പരന്ന് ശാസ്ത്രജ്ഞർ
text_fieldsശാസ്ത്രജ്ഞരെ എന്നും ഭ്രമിപ്പിക്കുന്ന ഒന്നാണ് സൂര്യൻ. ഇപ്പോൾ സൂര്യനിലുണ്ടായിരിക്കുന്ന മാറ്റം ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിരിക്കുകയാണ്. സൂര്യന്റെ ഒരു വലിയ ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് വിഘടിച്ച് പോയിരിക്കുകയാണ്. അത് ഉത്തരധ്രുവത്തിന് ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.
നാസയുടെ സോളാർ ഡൈനാമിക് ഒബ്സർവേറ്ററി ആണ് ഇതിന്റെ വിഡിയോ പകർത്തിയത്. ബഹിരാകാശ വിദഗ്ധയായ ഡോ. തമിത സ്കോവ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.
സൂര്യന്റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഭാഗമാണ് വേർപെട്ടതെന്നും ഇത്തരം പ്രതിഭാസങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നാണ് നാസ പറയുന്നത്. എങ്കിലും പുതിയ പ്രതിഭാസത്തിൽ ശാസ്ത്രലോകത്തിന് ആശങ്കയുണ്ട്.
സൗരജ്വാലകൾ പുറപ്പെടുവിക്കുന്നത് ചില സമയങ്ങളിൽ ഭൂമിയിലെ ആശയവിനിമയത്തെ ബാധിക്കുമെന്നും ശാസ്ത്രലോകം പറയുന്നു.
സൂര്യന്റെ വടക്കൻ പ്രൊമിനൻസിൽ നിന്നാണ് ഒരുഭാഗം പ്രധാന ഫിലമെന്റിൽ നിന്ന് വേർപെട്ടത്. ശേഷം സൂര്യന്റെ ഉത്തരധ്രുവത്തിന് ചുറ്റും ചുഴി രൂപത്തിൽ വേർപ്പെട്ട ഭാഗം കറങ്ങുകയാണെന്നും ഡോ. സ്കോവ് ട്വീറ്റ് ചെയ്തു. വേർപെട്ട ഭാഗത്തിന് ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ ധ്രുവത്തെ ചുറ്റാൻ ഏകദേശം എട്ടുമണിക്കൂർ സമയമെടുക്കുന്നുണ്ടെന്ന് നിരീക്ഷണത്തിൽ നിന്ന് വ്യക്തമായതായി സ്കോവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.