ഭൂമിയുടെ കറക്കം ഒരു സെക്കൻഡ് നിലച്ചാൽ?
text_fieldsഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നതിനൊപ്പം സ്വന്തം അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അറിയാത്തവരുണ്ടാവില്ല. രാവും പകലുമെല്ലാം നമുക്ക് അനുഭവപ്പെടുന്നത് ഈ കറക്കംകൊണ്ടുകൂടിയാണ്. 23 മണിക്കൂറും 56 മിനിറ്റുമെടുത്താണ് ഭൂമി ഒരു കറക്കം പൂർത്തിയാക്കുന്നത്. ഇതിൽ സെക്കൻഡുകളുടെപോലും മാറ്റമുണ്ടാവില്ല. ഭൂമിയുടെ സന്തുലിതാവസ്ഥയും അതിലെ ജീവനും നിലനിർത്താൻ ഇത് അത്യന്താപേക്ഷിതമാണ്. നമ്മുടെ കാലാവസ്ഥയടക്കം നിയന്ത്രിക്കുന്നതിൽ ഈ കറക്കം ഏറെ പ്രധാനമാണ്. ഇനി സങ്കൽപിക്കുക: കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമി ഒരു നിമിഷമൊന്ന് നിശ്ചലമായാൽ?
ഭൂമധ്യരേഖയിൽ ഭൂമിയുടെ കറക്കം മണിക്കൂറിൽ 1600 കിലോമീറ്റർ എന്ന തോതിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഥവാ ഒരു ബുള്ളറ്റ് ട്രെയിനിനേക്കാളും വേഗത്തിലാണ് ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നത്. ഈ കറക്കം പെട്ടെന്ന് നിന്നുപോയാലുണ്ടാകുന്ന ആക്ക വ്യത്യാസം കാര്യങ്ങൾ മൊത്തത്തിൽ കുഴപ്പത്തിലാക്കും. ഒന്നും ഭൂമിയിൽ നിലയുറക്കാത്ത അവസ്ഥയാകും; സർവം കിഴക്കുഭാഗത്തേക്ക് ചുഴറ്റിയെറിയപ്പെടും. ഭൂമിയുടെ കറക്കം നിലച്ചാലും അന്തരീക്ഷം ചലനാവസ്ഥയിൽ തന്നെയാകും. അപ്പോൾ, തീവ്രമായ കൊടുങ്കാറ്റാകും ഭൂമിയിൽ അനുഭവപ്പെടുക. ഭൂമിയിലെ മുഴുവൻ കെട്ടിടങ്ങളും ഇടിഞ്ഞുവീഴാൻ അതുമാത്രം മതിയാകും. അന്തരീക്ഷ ചലനത്തിലുണ്ടാകുന്ന മാറ്റം കടലിലും ബാധിക്കും; വലിയ സുനാമിയുണ്ടാകും. അതോടൊപ്പം ഭീമൻ ഭൂകമ്പവും അനുഭവപ്പെടും. കൗതുകകരമായ മറ്റൊരു കാര്യം, ഈ നിശ്ചലതയുടെ ദുരന്തം ഭൂമിയിൽ മാത്രമായി ഒതുങ്ങില്ല എന്നതാണ്.
ഭൂമിയുടെ ഭ്രമണമാണ് ഗുരുത്വമണ്ഡലത്തെ നിർണയിക്കുന്നത്. ഈ ഗുരുത്വമണ്ഡലമാണ് ചന്ദ്രന്റെ ചലനത്തെ സ്വാധീനിക്കുന്നതും. അതായത്, ചന്ദ്രനെ ഭൂമിയുടെ ഉപഗ്രഹമായി നിലനിർത്തുന്നത് ഈ ഭ്രമണംകൊണ്ടുകൂടിയാണ്. ഭ്രമണം നിലച്ചാൽ ചന്ദ്രൻ ഭൂമിയുടെ സ്വാധീനവലയത്തിൽനിന്ന് ‘രക്ഷപ്പെടും’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.