വംശനാശത്തിന്‍റെ വക്കിൽ നിന്നും ബാലി മൈനകൾ തിരിച്ചു വരുന്നു
text_fieldsജക്കാർത്ത: മഞ്ഞ് പോലെ വെളുത്ത നിറം, കണ്ണിന് ചുറ്റും വരച്ചത് പോലെ നീല നിറം, ചിറകറ്റമെല്ലാം കറുപ്പ്- ബാലി മൈനകൾ ഒരു ചിത്രകാരന്‍റെ വേറിട്ട ഭാവന പോലെ സുന്ദരം! ആ ഭംഗിയുള്ള തൂവലുകൾക്കായി ഒരു നൂറ്റാണ്ടിലേറെയായി വേട്ടയാടപ്പെട്ട് വംശനാശത്തിന്‍റെ വക്കിലെത്തിയ ബാലി മൈനകൾ ഇന്ന് മെല്ലെ ഭൂമിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
ബാലിയിൽ മാത്രം കണ്ടുവരുന്ന ഇവ 1988ൽ വംശനാശം നേരിടുന്നതായും 1994ൽ ഗുരുതരമായി വംശനാശഭീഷണി നേരിടുന്നതായും അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ യൂനിയൻ രേഖപ്പെടുത്തിയിരുന്നു. 2001ൽ കാട്ടിൽ കാണപ്പെട്ടത് ആറ് മൈനകൾ മാത്രമാണ്. അതേസമയം തന്നെ ആയിരത്തിൽപരം മൈനകൾ ലോകത്തിന്‍റെ പല ഭാഗത്തായി വേട്ടയാടപ്പെട്ട് കൂട്ടിലാക്കപ്പെട്ടിട്ടുണ്ടായിരുന്നു.
ഇവയുടെ സംരക്ഷണത്തിനായി 1980കളിൽ സർക്കാരിതര സംഘടനയായ ബേഡ് ലൈഫ് ഇന്‍റർനാഷണൽ രംഗത്തെത്തി. കൂട്ടിലിട്ട് പരിപാലിക്കുന്ന രീതിയാണ് ഇവർ നടത്തിയത്. ഇന്തോനേഷ്യയുടെ സംസ്കാരത്തിന്‍റെ ഭാഗമാണ് പക്ഷികളെ വളർത്തുന്നതും അതിലൂടെ വരുമാനം കണ്ടെത്തുന്നതും.
അതനുസരിച്ച് ബാലി മൈനകളുടെ സംരക്ഷണത്തിനായി പക്ഷികളെ കൃത്യമായി പരിപാലിക്കുമെന്ന് തെളിയിക്കുന്ന ആളുകൾക്ക് വളർത്താനുള്ള ലൈസൻസ് സർക്കാർ നൽകിത്തുടങ്ങി. 90 ശതമാനം കുഞ്ഞുങ്ങളെ വിൽക്കുവാനും അനുമതിയുണ്ടായിരുന്നു. ബാക്കി വരുന്ന പക്ഷികളെ ബാലി ദേശീയോദ്യാനത്തിലേക്ക് നൽകുകയും അധികാരികൾ പരിപാലിച്ച് വരികയുമായിരുന്നു. ഈ രീതി വിജയിച്ചതാണ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകാമായിരുന്ന ബാലി മൈനകളെ തിരിച്ച് കൊണ്ടുവന്നത്.
പക്ഷികളെ സ്വകാര്യ വ്യക്തികൾ സംരക്ഷിക്കുന്നത് വീണ്ടും തുടരാനാണ് പദ്ധതിയെന്നും മാഞ്ചെസ്റ്റർ മെട്രൊപൊളിറ്റൻ സർവകലാശാലയിലെ പി.എച്ച്.ഡി വിദ്യാർത്ഥി ടോം സ്ക്വയർസ് പറഞ്ഞു.
ആവാസയിടങ്ങൾ തകർന്നതും ഇവയുടെ തകർച്ചക്ക് കാരണമായിരുന്നു. ഇന്ന് ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പ്രദേശവാസികൾ തന്നെ ഇവയുടെ സംരക്ഷണത്തെ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ 420ൽ പരം ബാലി മൈനകൾ ദേശീയോദ്യാനത്തിലുണ്ട്. ഇവയുടെ എണ്ണം കൂട്ടുന്നതിനായി തബനൻ റീജൻസിയും പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. ബാലി മൈനകളുടെ സാന്നിദ്ധ്യം ഇന്തോനേഷ്യയിൽ ടൂറിസം വർദ്ധിപ്പിക്കുന്നുണ്ടെന്നും സ്ക്വയർസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.