ഇന്ത്യയുടെ വിക്രം ലാൻഡർ ഇനി ലോക്കേഷൻ മാർക്കർ
text_fieldsബംഗളൂരു: ചന്ദ്രയാന്‍-3 ദൗത്യത്തിലെ പര്യവേക്ഷണ പേടകമായ വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലൊക്കേഷന്‍ മാര്‍ക്കറായി പ്രവര്‍ത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ലാന്‍ഡറിൽ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പരീക്ഷണ ഉപകരണമായ ലേസര്‍ റിട്രോഫ്ലക്ടര്‍ അറേ (എല്‍.ആര്‍.എ) സിഗ്നലുകള്‍ നാസയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററിന് ലഭിച്ചിരുന്നു.
വിക്രം ലാന്‍ഡര്‍ സ്ഥിതിചെയ്യുന്ന ഇടത്തിൽ നിന്ന് 100 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കവെ ഡിസംബര്‍ 12നാണ് നാസയുടെ പേടകത്തിന് എൽ.ആർ.എ സിഗ്നലുകള്‍ ലഭിച്ചത്. രണ്ടിഞ്ച് മാത്രം വലുപ്പമുള്ള ഉപകരണത്തിന് ഏതു ദിശയില്‍ നിന്നും വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാന്‍ സാധിക്കും.
കഴിഞ്ഞ ആഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദുവായി ഇറങ്ങിയ ആദ്യ പേടകമാണ് ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡർ. ഒരു ചാന്ദ്രദിനം നീണ്ട പര്യവേക്ഷണദൗത്യം പൂർത്തിയാക്കിയ ലാൻഡറും റോവറും അടുത്ത ചാന്ദ്രദിനത്തിൽ ഉണരാതായതോടെ ഐ.എസ്.ആർ.ഒ പിന്നീടുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു.
ലാൻഡറിലെ എല്‍.ആര്‍.എ പ്രവർത്തിക്കുന്നതിനാൽ ഭാവി ദൗത്യങ്ങളിൽ ലാന്‍ഡര്‍ കിടക്കുന്ന സ്ഥലത്തുനിന്ന് നിശ്ചിത അകലവും ദിശയും കണക്കാക്കി ദക്ഷിണ ധ്രുവത്തിൽ പേടകങ്ങള്‍ ഇറക്കാന്‍ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.