സിലിക്കൺ ചിപ്പുകളിൽ ബീജകോശം; സാങ്കേതികവിദ്യ വികസിപ്പിച്ച് ശാസ്ത്രജ്ഞർ -റിപ്പോർട്ട്
text_fieldsമൈക്രോഫ്ലൂയിഡിക് സംവിധാനം ഉപയോഗിച്ച് സിലിക്കൺ മൈക്രോചിപ്പുകളിൽ ബീജകോശം വികസിപ്പിച്ചെടുത്ത് ഒരുകൂട്ടം ശാസ്ത്രജ്ഞർ. ഇസ്രയേലിലെ നെഗേവിലെ ബെൻ-ഗുറിയോൺ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഗവേഷണത്തിന് പിന്നിൽ. ബയോഫേബ്രിക്കേഷൻ എന്ന ശാസ്ത്രജേണലിലാണ് ഇവരുടെ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അർബുദബാധിതരായ കുട്ടികളിൽ ഭാവിയിലുണ്ടായേക്കാവുന്ന വന്ധ്യതക്ക് പരിഹാരം കാണാൻ പുതിയ കണ്ടുപിടിത്തത്തിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. തുടർച്ചയായി കീമോതെറാപ്പിക്ക് വിധേയമാകുന്നവരിലാണ് ഇത്തരം വന്ധ്യതക്ക് സാധ്യതയുള്ളത്. രോഗിയുടെ ശരീരത്തിലേക്ക് കാൻസർ കോശങ്ങൾ തിരിച്ചെത്താനുള്ള സാധ്യത പോലുള്ള പരിമിതികളെ പുതിയ കണ്ടെത്തലിലൂടെ മറികടക്കാൻ സാധിക്കുമെന്ന് ഗവേഷക സംഘത്തിലെ പ്രഫ. മഹ്മൂദ് ഹുലൈഹെൽ വിശദീകരിക്കുന്നു.
എലികളിലാണ് ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയത്. പോളിഡൈമെഥിൽസിലോക്സേയ്ൻ ഉപയോഗിച്ചുള്ള സിലിക്കൺ ചിപ്പും മൈക്രോ ഫ്ലോ സംവിധാനവും ഇതിനായി ഉപയോഗിച്ചു. ഇതുവരെ ബീജകോശങ്ങൾ ഉൽപ്പാദിപ്പിക്കാത്ത പ്രായം കുറഞ്ഞ എലികളെയാണ് വൃഷണത്തിൽ വളരുന്ന ബീജകോശങ്ങളുടെ യഥാർഥ അവസ്ഥയെ പഠിക്കാൻ ഇവർ ഉപയോഗിച്ചത്. എലികളുടെ കോശങ്ങളിൽ നിന്ന് ബീജകോശം ചിപ്പുകളിൽ വളർത്തിയെടുക്കാനുള്ള പരീക്ഷണം വിജയകരമായിരുന്നെന്ന് ഇവർ അവകാശപ്പെടുന്നു.
(പ്രഫ. മഹ്മൂദ് ഹുലൈഹെൽ)
അഞ്ച് മുതൽ ഏഴ് ആഴ്ചവരെ സമയമെടുത്താണ് മൈക്രോചിപ്പുകളിൽ ബീജകോശങ്ങളുടെ ഘടന രൂപപ്പെട്ടുവന്നത് ഇവർ നിരീക്ഷിച്ചത്. സ്പേർമാറ്റിഡ്സ് എന്ന് വിളിക്കുന്ന ഇവയുടെ കൃത്യമായ ക്രോമസോമുകൾ അടങ്ങിയ ന്യൂക്ലിയസിനെ മൃഗങ്ങളിലും മനുഷ്യനിലും ബീജകോശത്തിന് പകരമായി ഉപയോഗിക്കാമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. എലികളിൽ സ്പേർമാറ്റിഡ്സുകളെ സാധാരണരീതിയിൽ തന്നെ ഫെർട്ടിലൈസ് ചെയ്ത് കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാമെന്ന് ഇവർ പറയുന്നു. മനുഷ്യ കോശങ്ങൾ ഉപയോഗിച്ചുള്ള അടുത്തഘട്ട പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.
15 വർഷത്തോളം നീണ്ട പരീക്ഷണഫലമാണ് പുതിയ കണ്ടെത്തലെന്ന് പ്രഫ. മഹ്മൂദ് ഹുലൈഹെൽ പറയുന്നു. ബീജകോശങ്ങളെ ഉൽപ്പാദിപ്പിക്കാനാവുക വഴി ചരിത്രനേട്ടമാണ് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. ഇസ്രായേൽ സയൻസ് ഫൗണ്ടേഷന്‍റെ പിന്തുണയോടെയും ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേച്ചുറൽ സയൻസിന്‍റെ സഹകരണത്തോടെയുമാണ് ബെൻ-ഗുറിയോൺ സർവകലാശാലയിലെ ശാസ്ത്രസംഘം ഗവേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.