ആദ്യഘട്ട ഭ്രമണപഥമുയർത്തി ആദിത്യ
text_fieldsബംഗളൂരു: ഐ.എസ്.ആർ.ഒയുടെ പ്രഥമ സൗരപര്യവേക്ഷണ പേടകമായ ആദിത്യ എൽ-1 വിജയകരമായി ആദ്യഘട്ട ഭ്രമണപഥമുയർത്തി. ഞായറാഴ്ച രാവിലെ 11.40നായിരുന്നു ഭ്രമണപഥ മാറ്റം. ഭൂമിയിൽനിന്ന് കുറഞ്ഞത് 245 കിലോമീറ്ററും കൂടിയത് 22,459 കിലോമീറ്ററും ദൂരത്തിലുള്ള പഥത്തിലൂടെയാണ് ആദിത്യ ഇപ്പോൾ സഞ്ചരിക്കുന്നത്. രണ്ടാം ഘട്ട ഭ്രമണപഥമുയർത്തൽ ചൊവ്വാഴ്ച പുലർച്ച മൂന്നിന് നടക്കും. പേടകത്തിന്റെ പ്രവർത്തനം സാധാരണഗതിയിലാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ബംഗളൂരു ബ്യാലലുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ (ഇസ്ട്രാക്) നിന്നാണ് ആദിത്യയുടെ സഞ്ചാരഗതി നിയന്ത്രിക്കുന്നത്. ശനിയാഴ്ച ആന്ധ്ര ശ്രീഹരിക്കോട്ടയിൽനിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിലേറിയായിരുന്നു ആദിത്യ എൽ- 1 ബഹിരാകാശത്തെത്തിയത്.
നാലുതവണ കൂടി ഭ്രമണപഥമുയർത്തിയ ശേഷം ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് പേടകം സൂര്യനും ഭൂമിക്കുമിടയിലെ ലാഗ്റേഞ്ച് പോയന്റ് എൽ-1 ലക്ഷ്യമാക്കി നീങ്ങും. ശനിയാഴ്ച ഭൂമിയോട് അടുത്തുള്ള ഒന്നാം ഭ്രമണപഥത്തിൽ പ്രവേശിച്ചതിന് പിന്നാലെ പേടകത്തിലെ സൗരോർജ പാനലുകൾ പ്രവർത്തിച്ചുതുടങ്ങിയിരുന്നു.
ചന്ദ്രയാൻ-മൂന്ന് ദൗത്യത്തിലെ ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിലിറങ്ങിയതുപോലെയുള്ള ദൗത്യമല്ല ആദിത്യ മിഷൻ. സൂര്യനിൽനിന്ന് 485 ലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്റേഞ്ച് പോയന്റിലെ ഹാലോ ഓർബിറ്റിൽ അഞ്ചു വർഷത്തോളം കഴിഞ്ഞ് സൂര്യതാപത്തെക്കുറിച്ചും അവ ബഹിരാകാശ വ്യവസ്ഥയിലും ഭൂമിയിലും തീർക്കുന്ന മാറ്റങ്ങളെക്കുറിച്ചും പഠിക്കുകയാണ് ആദിത്യയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.