ചന്ദ്രയാൻ-4, ശുക്രദൗത്യം, ഗഗൻയാൻ, ബഹിരാകാശനിലയം; ഐ.എസ്.ആർ.ഒയുടെ വമ്പൻ പദ്ധതികൾക്ക് കേന്ദ്ര അനുമതി
text_fieldsന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ചാന്ദ്രദൗദ്യമായ ചന്ദ്രയാൻ 3ന്‍റെ വിജയത്തിനു തുടർച്ചയായി ചന്ദ്രയാൻ-4, സൗരയൂഥത്തിലെ മറ്റൊരു ഗ്രഹമായ ശുക്രനിലേക്കുള്ള ദൗത്യം, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, ഇന്ത്യയുടെ സ്വന്തം ബഹിരാകാശനിലയം സ്ഥാപിക്കൽ, അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾക്കായുള്ള ഗവേഷണം എന്നിവക്ക് കേന്ദ്രം അനുമതി നൽകി.
ചന്ദ്രയാൻ-4
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ നാലാം ദൗത്യമായ ചന്ദ്രയാൻ-4, അവിടെനിന്നുള്ള കല്ലും മണ്ണുമടക്കം ശേഖരിച്ച് തിരികെ ഭൂമിയിലെത്താനാണ് ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള ദൗത്യങ്ങൾ ചന്ദ്രനിൽ അവസാനിച്ചെങ്കിൽ, നാലാം ദൗത്യം തിരിച്ചെത്തിക്കാനാണ് പദ്ധതി. 36 മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. 2104.06 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ദൗത്യം വിജയിച്ചാൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും തിരിച്ചിറക്കാനുമുള്ള സാങ്കേതികവിദ്യയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കും.
ചന്ദ്രനും ചൊവ്വക്കും ശേഷം ശുക്രനിലേക്ക്
ശുക്രന്‍റെ അന്തരീക്ഷം, ഘടന എന്നിവ ആഴത്തിൽ മനസ്സിലാക്കാനായാണ് ശുക്രദൗത്യമായ വീനസ് ഓർബിറ്റർ മിഷൻ (വി.ഒ.എം) തയാറാകുന്നത്. ഗ്രഹത്തിന്‍റെ ഉപരിതലം, അന്തരീക്ഷത്തിലെ പ്രക്രിയകൾ, സൂര്യന്‍റെ സ്വാധീനം എന്നിവ പഠനവിധേയമാക്കും. ഒരുകാലത്ത് ഭൂമിയേപ്പോലെ ജീവിക്കാൻ അനുകൂല അന്തരീക്ഷമുണ്ടായിരുന്ന ഗ്രഹമാണ് ശുക്രനെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നതിനാൽ, ഈ ദൗത്യത്തിന് നിർണായകമായ പല കണ്ടെത്തലുകളും നടത്താനായേക്കും. 2028 മാർച്ചിൽ ദൗത്യം വിക്ഷേപിക്കാനാണ് പദ്ധതി. 1236 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ‘ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ’ 2028ഓടെ സ്ഥാപിക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. നിലവിൽ യു.എസിന്‍റെ ഇന്‍റർനാഷണൽ സ്പേസ് സ്റ്റേഷൻ, ചൈനയുടെ ടിയാൻഗോങ് എന്നിവയാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. ഗഗൻയാൻ പദ്ധതിക്കൊപ്പമാണ് ബഹിരാകാശ നിലയത്തിന്‍റെ വികസനവും നടക്കുക. 2035ഓടെ അന്തരീക്ഷ് സ്റ്റേഷൻ പ്രവർത്തന സജ്ജമാക്കാനും 2040ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഗഗയാൻ പദ്ധതിക്ക് പുതിയ മാറ്റത്തോടെ 20,193 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ
നിലവിൽ ഇന്ത്യക്ക് സ്വന്തമായി ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുണ്ടെങ്കിലും മിക്കവയും ഒറ്റത്തവണ ഉപയോഗിക്കാവുന്നവയാണ്. എന്നാൽ കൂടുതൽ പേലോഡ് വഹിക്കാനും പുനരുപയോഗിക്കാനും ശേഷിയുള്ള ലോഞ്ച് വെഹിക്കിളുകളുടെ ഗവേഷണത്തിനുള്ള പദ്ധതിക്കാണ് പുതുതായി അംഗീകാരം നൽകിയത്. നെക്സ്റ്റ് ജെനറേഷൻ ലോഞ്ച് വെഹിക്കിളുകളുടെ ഗവേഷണ പദ്ധതിക്കായി 8240 കോടി രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാവുമെന്ന് ഐ.എസ്.ആർ.ഒ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.