36 ഉപഗ്രഹങ്ങളുമായി മാർക്ക് -3 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു
text_fieldsശ്രീഹരിക്കോട്ട: ബ്രിട്ടീഷ് കമ്പനി വൺ വെബിന്‍റെ ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒയുടെ മാർക്ക് -3 എം 3 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് 36 ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയർന്നത്.
വൺ വെബിന്‍റെ ഉപഗ്രഹ ഇന്‍റർനെറ്റ് സേവനത്തിന് വേണ്ടി തയാറാക്കിയ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിച്ചത്. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. 2022 ഒക്ടോബർ 23ന് 36 ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഇതോടെ ആകെ 72 ഉപഗ്രഹങ്ങളാണ് വൺ വെബിന് വേണ്ടി ഐ.എസ്.ആർ.ഒ വിക്ഷേപിച്ചത്.
5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ 455 കിലോമീറ്റർ അകലെയുള്ള താഴ്ന്ന ഭൗമ ഭ്രമണപഥത്തിലാണ് മാർക്ക് 3 റോക്കറ്റ് എത്തിക്കുന്നത്. ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സംരംഭങ്ങൾക്കും ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് വ്യവസായി സുനിൽ മിത്തലിന്‍റെ ഭാരതി എന്‍റർപ്രൈസിന് മുഖ്യ നിക്ഷേപമുള്ള വൺ വെബ് കമ്പനിയുടേത്.
ഇതിനോടകം 17 ദൗത്യങ്ങളിലായി 582 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വൺ വെബ് എത്തിച്ചിട്ടുണ്ട്. ഇന്നത്തെ വിക്ഷേപണത്തോടെ മൊത്തം ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയർന്നു. ഇതോടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാകുമെന്നും ഇന്‍റർനെറ്റ് സേവനം ആരംഭിക്കുമെന്നും വൺ വെബ് അറിയിച്ചു.
ജി.എസ്.എൽ.വിയുടെ പരിഷ്കരിച്ച ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 റോക്കറ്റിന് 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.