പി.എസ്.എൽ.വി -സി55 വിക്ഷേപണം വിജയം; രണ്ടു വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, വീണ്ടും വാണിജ്യവിജയം
text_fieldsശ്രീഹരിക്കോട്ട: വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിൽ ജൈത്രയാത്ര തുടരുന്ന ഐ.എസ്.ആർ.ഒ തങ്ങളുടെ വിശ്വസ്ത റോക്കറ്റായ പി.എസ്.എൽ.വിയുടെ ചിറകിൽ വീണ്ടും വിജയം കൊയ്തു. സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങളെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പോളാർ സാറ്റ് ലൈറ്റ് ലോഞ്ച് വെഹിക്കിളി(പി.എസ്.എൽ.വി) സി-55ൽ ശനിയാഴ്ച പറന്നുയർന്ന് നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചത്.
ചെലവു കുറഞ്ഞ രീതിയിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയായ ‘പോയം 2’ വിന്റെ സാങ്കേതിക പരീക്ഷണവും ഇതോടൊപ്പം നടത്തി. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴി ലഭിച്ച ഓർഡറാണ് രണ്ടു സിംഗപ്പൂർ ഉപഗ്രഹങ്ങളുടെ വിക്ഷേപണം. ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിനുശേഷമാണ്, ‘പോയം 2’ പദ്ധതിയുടെ ഭാഗമായ ഭ്രമണപഥത്തിൽവെച്ചുള്ള പരീക്ഷണം നടത്തിയത്.
ശനിയാഴ്ച ഉച്ചക്കുശേഷം 2.19ന്, 44.4 മീറ്റർ നീളമുള്ള റോക്കറ്റ് 22.5 മണിക്കൂർ കൗണ്ട്ഡൗണിനുശേഷം പറന്നുയരുകയായിരുന്നു. നിശ്ചിത ഭ്രമണപഥത്തിൽ രണ്ടു ഉപഗ്രഹങ്ങളെയും സ്ഥാപിച്ചതായി ഐ.എസ്.ആർ.ഒ തലവൻ എസ്. സോമനാഥ് അറിയിച്ചു. ‘‘57 ാം ദൗത്യത്തിലൂടെ പി.എസ്.എൽ.വി അതിന്റെ വിശ്വാസ്യതയും അനുയോജ്യതയും വീണ്ടും തെളിയിച്ചിരിക്കുകയാണ്’’ -അദ്ദേഹം പറഞ്ഞു.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന രാജ്യത്തിന്റെ ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോടിയായി, ആളില്ലാതെയുള്ള പരീക്ഷണം വരുന്ന ജൂണിൽ നടക്കും. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ആദ്യ ജി.എസ്.എൽ.വി റോക്കറ്റ് പരീക്ഷണം 2024 ഫെബ്രുവരിയിലുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.