ചന്ദ്രയാൻ 3 ശേഖരിച്ച ശാസ്ത്ര രഹസ്യങ്ങൾ ലോകത്തിന് സമർപ്പിച്ച് ഐ.എസ്.ആർ.ഒ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ശേഖരിച്ച ശാസ്ത്ര രഹസ്യങ്ങൾ ശാസ്ത്രലോകത്തിനും ശാസ്ത്രജ്ഞർക്കും സമർപ്പിച്ച് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 3 പേടകം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് (മൃദു ഇറക്കം) നടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയായ വേളയിലാണ് അതീവ പ്രാധാന്യമുള്ള ശാസ്ത്ര വിവരങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ഇന്ത്യൻ സ്‌പേസ് സയൻസ് ഡാറ്റ സെന്‍ററിന്‍റെ (ഐ.എസ്.എസ്.ഡി.സി) https://pradan.issdc.gov.in/ എന്ന പ്രധാൻ പോർട്ടലിൽ ശാസ്ത്ര വിവരങ്ങൾ ലഭിക്കും.
ചന്ദ്രയാൻ പേടകത്തിലെ അഞ്ച് ശാസ്ത്രീയ ഉപകരണങ്ങളിൽ നിന്നുള്ള 55 ജിഗാബൈറ്റ് ശാസ്ത്ര വിവരങ്ങളാണിത്. ഇതിൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ വിക്രം ലാൻഡറിൽ നിന്നുള്ള മൂന്ന് ഉപകരണങ്ങളും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച പ്രഗ്യാൻ റോവറിലെ രണ്ട് ഉപകരണങ്ങളും പകർത്തിയ വിവരങ്ങളും ഉൾപ്പെടുന്നു.
ചന്ദ്രന്‍റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് കൂടുതലായി മനസിലാക്കാൻ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ രാസപരിശോധനകൾ നടത്തിയിരുന്നു. ഇത് ഭാവിയിലെ ചാന്ദ്രാപര്യവേഷണം അടക്കമുള്ള കാര്യങ്ങൾക്ക് നിർണായകമാണ്.
ചന്ദ്രനിൽ ഒരു കാലത്ത് 'മാഗ്ന കടൽ' ഉണ്ടായിരുന്നുവെന്ന് റോവർ ശേഖരിച്ച മണ്ണ് പരിശോധനയിൽ വ്യക്തമായ സുപ്രധാന വിവരവും വിക്രം ലാൻഡറിൽ നിന്ന് റാംപിലൂടെ ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിനിടെ റോവറിലെ നാവിഗേഷൻ കാമറ (നാവ്കാം) പകർത്തിയ ചിത്രങ്ങളും വിക്രം ലാൻഡറിലെ ലാൻഡർ ഇമേജർ കാമറ പകർത്തിയ റോവറിന്‍റെ ചിത്രങ്ങളും ഇന്നലെ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു.
ശാസ്ത്ര വിവരങ്ങൾ ശാസ്ത്രീയ ഉപകരണങ്ങൾ തയാറാക്കിയ ശാസ്ത്രജ്ഞരിൽ മാത്രം ഒതുങ്ങാൻ പോകുന്നില്ലെന്നും ഇതിന്‍റെ ഫലം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തെയും ലോകത്തെയും മുഴുവൻ ഗവേഷകർക്കും ലഭ്യമാക്കുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ദേശീയ ബഹിരാകാശ ദിനത്തിൽ വ്യക്തമാക്കിയിരുന്നു.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രയാൻ മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും എൽ.വി.എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 23ന് റോവർ ഉൾപ്പെടുന്ന ലാൻഡർ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് (മൃദു ഇറക്കം) നടത്തി.
തുടർന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ലാൻഡറും റോവറും ചന്ദ്രനിൽ രാത്രിയായതോടെ സെപ്റ്റംബർ രണ്ടിന് സ്ലീപ്പിങ് മോഡിലേക്ക് മാറി. എന്നാൽ, 14 ദിവസത്തിന് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചെങ്കിലും ലാൻഡറും റോവറും ഉണർന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.