നിർണായക ചുവടുവെപ്പുമായി വീണ്ടും ഐ.എസ്.ആർ.ഒ പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സ്വയം നിയന്ത്രിത ലാന്‍ഡിങ് വിജയകരം
text_fieldsതിരുവനന്തപുരം: ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും നിര്‍ണായക ചുവടുവെപ്പുമായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്.ഒ. പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ (ആർ.എൽ.വി) സ്വയം നിയന്ത്രിത ലാന്‍ഡിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.
ഞായറാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഏറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിൽ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും സഹകരണത്തോടെയായിരുന്നു പരീക്ഷണം. രാവിലെ 7.10 നാണ് വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്ടർ ആർ.എൽ.വിയുമായി ആകാശത്തേക്ക് പറയുന്നുയർന്നത്. സമുദ്രനിരപ്പിന് 4.6 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ഹെലികോപ്ടറില്‍നിന്ന് വിക്ഷേപണ വാഹനം വേര്‍പെടുത്തി.
ബഹിരാകാശത്തുനിന്ന് തിരിച്ചെത്തുന്നതിന് സമാനമായ സാഹചര്യങ്ങള്‍ പുനര്‍സൃഷ്ടിച്ചായിരുന്നു പരീക്ഷണം. ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് 7.40 ന് ആർ.എൽ.വി ഭൂമിയിലേക്ക് സുരക്ഷിതമായി പറന്നിറങ്ങി. ഇതോടെ, ലോകത്ത് ആദ്യമായി, പുനരുപയോഗ വിക്ഷേപണ വാഹനം ഹെലികോപ്ടറിൽ 4.5 കിലോമീറ്റർ ഉയരത്തിൽ കൊണ്ടുപോയി റൺവേയിൽ സ്വയം നിയന്ത്രണ ലാന്‍ഡിങ് നടത്തുന്ന രാജ്യമെന്ന ബഹുമതി ഇന്ത്യ കൈവരിച്ചു.
2016 മേയിൽ ആർ.എൽ.വി ടി.ഡി വാഹനം ബംഗാൾ ഉൾക്കടലിന് മുകളിലുള്ള സാങ്കൽപിക റൺവേയിൽ ലാൻഡിങ് നടത്തുന്നതിൽ ഐ.എസ്.ആർ.ഒ വിജയിച്ചിരുന്നു. എന്നാൽ, യഥാർഥ റൺവേയിൽ ലാൻഡിങ് നടത്തുന്ന സമയത്ത് നേരിടാവുന്ന നിരവധി വെല്ലുവിളികളെ നേരിടുന്നതിനായാണ് ‘ആർ.എൽ.വി ലാൻഡിങ് എക്സ്പെരിമെന്റ്’എന്ന പേരിൽ പ്രത്യേക ദൗത്യം ഞായറാഴ്ച നടന്നത്. നാസയുടെ സ്പേസ് ഷട്ടിലിന് സമാനമായ വിക്ഷേപണ വാഹനമാണ് ആർ.എൽ.വി.
ഭാവിയില്‍ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുറക്കാന്‍ പുനരുപയോഗ വിക്ഷേപണ വാഹനങ്ങളുടെ സാങ്കേതികവിദ്യ ഇന്ത്യയെ സഹായിക്കും. വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, എ.ടി.എസ്.പി പ്രോഗ്രാം ഡയറക്ടർ എൻ. ശ്യാം മോഹൻ എന്നിവർ ടീമുകളെ നയിച്ചു.
ആർ.എൽ.വി പ്രൊജക്ട് ഡയറക്ടർ ഡോ. എം. ജയകുമാർ മിഷൻ ഡയറക്ടറും ആർ.എൽ.വിയുടെ അസോസിയറ്റ് പ്രോജക്ട് ഡയറക്ടർ മുത്തുപാണ്ഡ്യൻ ജെ. വെഹിക്കിൾ ഡയറക്ടറുമായിരുന്നു. ഇന്ത്യൻ പുനരുപയോഗ ലോഞ്ച് വെഹിക്കിൾ എന്ന യാഥാർഥ്യത്തിലേക്ക് രാജ്യം ഒരു പടികൂടി അടുത്തതായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.