‘ബഹിരാകാശ മാലിന്യങ്ങൾ ഇനി പിടിച്ചെടുക്കാം’; യന്ത്രകൈ പരീക്ഷണത്തിൽ വിജയവുമായി ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള ബഹിരാകാശത്തെ പരീക്ഷണങ്ങളിൽ വീണ്ടും നേട്ടത്തിന്റെ തിളക്കവുമായി ഐ.എസ്.ആർ.ഒ. ബഹിരാകാശത്തെ മാലിന്യങ്ങൾ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയുടെ (റോബോട്ടിക് ആം) പരീക്ഷണമാണ് വിജയകരമായി നടത്തിയത്. തിരുവനന്തപുരം വി.എസ്.എസ്.സി വികസിപ്പിച്ച യന്ത്രകൈ (റോബോട്ടിക് ആം) പ്രവർത്തിപ്പിക്കുന്നതിന്റെ വിഡിയോ ഐ.എസ്.ആർ.ഒ എക്സിൽ പങ്കുവെച്ചു. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ചെറിയ ഉപഗ്രഹ ഭാഗങ്ങളെയും മാലിന്യങ്ങളെയും പിടിച്ചെടുക്കാനും ചേർത്തുവെക്കാനും റോബോട്ടിക് കൈക്ക് (റോബോട്ടിക് ആം) സാധിക്കും.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഐ.എസ്.ആർ.ഒ നടത്തുന്ന റോബോട്ടിക് കൈയുടെ രണ്ടാമത്തെ പരീക്ഷണമാണിത്. പോയെം-4ൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് കൈ കഴിഞ്ഞ ദിവസം വിജയകരമായി പ്രവർത്തിപ്പിച്ചിരുന്നു. ഐ.എസ്.ആർ.ഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ.ഐ.എസ്.യു) വികസിപ്പിച്ച റീലൊക്കേറ്റബ്ൾ റോബോട്ടിക് മാനിപുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ (RRM-TD) എന്ന വാക്കിങ് റോബോട്ടിക് ആം ആണ് പ്രവർത്തിപ്പിച്ചത്. പോയം-4ന്റെ പ്ലാറ്റ്ഫോമിൽ നിന്ന് നാല് ജോയിന്റുകൾ ഉപയോഗിച്ചാണ് റോബോട്ടിക് കൈ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടായാണ് ഐ.എസ്.ആര്.ഒയുടെ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളാണ് സ്പെയ്ഡെക്സിൽ ഉള്ളത്. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍ കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.
ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ഒന്നായി ചേരുന്ന സ്പേസ് ഡോക്കിങ് ജനുവരി ഏഴിന് പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റി. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ ഉള്ളത്. ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക.
ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവ തമ്മിൽ അകലം കുറച്ചുകൊണ്ടു വന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം അവയെ വേര്‍പെടുത്തുന്ന പ്രക്രിയയായ അണ്‍ഡോക്കിങ് നടത്തും. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തിക്കും.
ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന് എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക.
ഇതാദ്യമായാണ് ഇന്ത്യ ബഹിരാകാശത്തുവെച്ച് ഡോക്കിങ് പരീക്ഷിക്കുന്നത്. നിലവില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്പെയ്സ് ഡോക്കിങ് നടപ്പാക്കിയത്. പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഈ സാങ്കേതികവിദ്യയിലൂടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.