ഇതെന്താ പറക്കും തളികയോ?; പി.എസ്.എൽ.വി വിക്ഷേപണം തലസ്ഥാനത്തും ദൃശ്യമായി -വിഡിയോ
text_fieldsഐ.എസ്.ആർ.ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം ഇന്ന് പുലർച്ചെയാണ് വിജയകരമായി പൂർത്തീകരിച്ചത്. പി.എസ്.എൽ.വി സി-52 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ പുലർച്ചെ 05.59നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-04, സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്‍സ്പെയര്‍സാറ്റ്-ഒന്ന്, തെർമൽ കാമറ ഘടിപ്പിച്ച ഐ.എന്‍.എസ്.-2 ടി.ഡി എന്നിവയാണ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.
തിങ്കളാഴ്ച പുലർച്ചെ നടന്ന വിക്ഷേപണം ദക്ഷിണ കേരളത്തിലും ദൃശ്യമായി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾക്ക് ഇത് കൗതുക കാഴ്ചയായി. രാവിലെ ആറ് കഴിഞ്ഞ് ആകാശത്ത് കടുത്ത വെളിച്ചം കണ്ട് ശ്രദ്ധിച്ചവർക്കാണ് അപൂർവ കാഴ്ച കാണാനായത്. പലർക്കും ആകാശത്തെ ആ അത്ഭുത കാഴ്ച്ച എന്താണെന്ന് ആദ്യം വ്യക്തമായില്ല. ചിലരിലെങ്കിലും ഇതുവല്ല പറക്കുംതളികയോ മറ്റോ ആണെന്ന സംശയവും ഉണർത്തി. പിന്നീട് റോക്കറ്റ് വിക്ഷേപണ വാർത്ത പുറത്തുവന്നതോടെയാണ് കാര്യം മനസിലായത്.
മൊത്തം മുന്ന് ഉപഗ്രഹങ്ങൾ
1710 കിലോഗ്രാം ഭാരമുള്ളതാണ് ഇ.ഒ.എസ്-04 ഉപഗ്രഹം. കൃഷി, വനം, തോട്ടങ്ങൾ, മണ്ണിലെ ഈർപ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി എല്ലാ കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ രൂപകൽപന ചെയ്ത റഡാർ ഇമേജിങ് സാറ്റലൈറ്റാണ് ഇത്. ഏത് കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ ഇതിന് ശേഷിയുണ്ട്. 10 വർഷമാണ് ആയുസ്. കാർഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗർഭ ഉപരിതല ജലപഠനം എന്നിവയ്ക്കുള്ള വിവരങ്ങൾ കൈമാറും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഇന്‍സ്പെയര്‍സാറ്റ്-ഒന്നും ഐ.എസ്.ആര്‍.ഒ.യുടെ ഐ.എന്‍.എസ്.-2 ടി.ഡിയുമാണ് ഇതിനൊപ്പം വിക്ഷേപിച്ച മറ്റ് രണ്ട് ചെറു ഉപഗ്രഹങ്ങൾ.
തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നുള്ള വിഡിയോ ദൃശ്യം. വിഡിയോ ചിത്രീകരിച്ചത് മാധ്യമം ഫോട്ടോഗ്രാഫർ അനസ് മുഹമ്മദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.