പുതുവത്സര ദിനത്തിൽ പുതിയ ദൗത്യം; എക്സ്പോസാറ്റ് വിക്ഷേപിച്ചു
text_fieldsബംഗളൂരു: പുതുവർഷദിനത്തിൽ ബഹിരാകാശത്തിലേക്ക് പുതുദൗത്യവുമായി പി.എസ്.എൽ.വിയുടെ കുതിപ്പ്. തിങ്കളാഴ്ച രാവിലെ 9.10ന് എക്സ്പോസാറ്റുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പി.എസ്.എൽ.വി സി-58 ജ്വലിച്ചുയർന്നു.
വിക്ഷേപണത്തിന്റെ 22ാം മിനിറ്റിൽ ഭൂമിയിൽനിന്ന് 650 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിയുടെ അറുപതാം ദൗത്യം കൂടിയായിരുന്നു ഇത്.
എക്സ്റേ തരംഗങ്ങളെ ബഹിരാകാശത്തുനിന്ന് നിരീക്ഷിക്കുകയും അതുവഴി തമോ ഗർത്തങ്ങളെയും ന്യൂട്രോൺ താരകങ്ങളെയും പഠനവിധേമാക്കുകയാണ് എക്സ്റേ പോളാരി മീറ്റർ സാറ്റലൈറ്റ് അഥവ എക്സ്പോസാറ്റിന്റെ ദൗത്യലക്ഷ്യം. പോളിക്സ് (പോളാരി മീറ്റർ ഇൻസ്ട്രുമെന്റ് ഇൻ എക്സ്-റേയ്സ്), എക്സ്പെക്റ്റ് (എക്സ്-റേ സ്പെക്ട്രോസ്കോപി ആൻഡ് ടൈമിങ്) എന്നീ പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്.
എക്സ്റേ തരംഗങ്ങളുടെ പഠനത്തിനുള്ള ഐ.എസ്.ആർ.ഒയുടെ ആദ്യ ഉപഗ്രഹമാണിത്; ലോകത്തിലെ രണ്ടാമത്തേതും. എക്സ്പോസാറ്റിന് പുറമെ, തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി സാറ്റ്’ ഉൾപ്പെടെ 10 ചെറു ഉപഗ്രഹങ്ങളും ദൗത്യത്തിലുണ്ട്.
പോളാരിമെട്രി ദൗത്യം
ബ്ലാക്ക് ഹോളുകൾ അഥവാ തമോഗർത്തങ്ങൾ, ഗാലക്സിയിലെ സൂപ്പർനോവ അവശിഷ്ടങ്ങൾ, പൾസർ വിൻഡ് നെബുലകൾ തുടങ്ങി അതിതീവ്രമായ താപം (ദശലക്ഷക്കണക്കിന് ഡിഗ്രി സെൽഷ്യസ്) പുറപ്പെടുവിക്കുന്ന സ്രോതസ്സുകളിൽനിന്നാണ് എക്സ്-റേ കിരണങ്ങൾ വരുന്നത്. സങ്കീർണമായ ഭൗതിക പ്രക്രിയകളിലൂടെയാണ് ഇവ ഉദ്ഭവിക്കുന്നത്.
ഇത്തരം സ്രോതസ്സുകളിൽനിന്നുള്ള എക്സ്-റേ കിരണങ്ങളുടെ കൃത്യമായ സ്വഭാവത്തെ നിരീക്ഷിച്ച് പഠനവിധേയമാക്കുകയാണ് എക്സ്‍സാറ്റ് പോളാരിമെട്രി ദൗത്യത്തിലൂടെ ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ 2021ൽ വിക്ഷേപിച്ച ഇമേജിങ് എക്സ്-റേ പോളാരിമെട്രി എക്സ്‍പ്ലോറർ (ഐ.എസ്.പി.ഇ) ആണ് ഈ ഗണത്തിലെ ആദ്യ ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.