വൈദ്യുതിപ്രശ്നം തീർന്നു; വീണ്ടും പ്രവർത്തിച്ച് ജപ്പാന്റെ ചാന്ദ്രദൗത്യം
text_fieldsടോക്യോ: ജപ്പാന്റെ ചാന്ദ്രദൗത്യമായ ‘സ്ലിം’ ശാസ്ത്രീയ ദൗത്യം പുനരാരംഭിച്ചു. ചന്ദ്രനിൽ ഇറങ്ങുന്നതിനിടെ തലകീഴായി മറിഞ്ഞ് വൈദ്യുതി ഉൽപാദനം നിലച്ചത് പ്രശ്നമായിരുന്നു. സ്ലിമ്മുമായി ആശയവിനിമയം സ്ഥാപിക്കുന്നതിൽ വിജയിച്ചെന്നും ശാസ്ത്രീയ ഗവേഷണങ്ങൾ പുനരാരംഭിച്ചതായും ജപ്പാൻ എയറോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി അറിയിച്ചു. ഇവിടെനിന്ന് അയച്ച ചിത്രം ഏജൻസി സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. വരുംനാളുകളിൽ ചന്ദ്രന്റെ പടിഞ്ഞാറു ഭാഗത്ത് സൂര്യപ്രകാശം എത്തിത്തുടങ്ങുന്നതോടെ വൈദ്യുതി ഉൽപാദനം പ്രതീക്ഷിച്ചപോലെയാകുമെന്നും അധികൃതർ പറഞ്ഞു.
ജനുവരി 20ന് ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയതോടെ ചന്ദ്രനില്‍ പര്യവേക്ഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന് മാറിയിരുന്നു. ഇന്ത്യ, അമേരിക്ക, സോവിയറ്റ് യൂനിയന്‍, ചൈന എന്നീ രാജ്യങ്ങളാണ് ചാന്ദ്രദൗത്യം നേരത്തേ വിജയകരമായി പൂര്‍ത്തിയാക്കിയത്. സെപ്റ്റംബര്‍ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്.
ചന്ദ്രന്റെ മധ്യരേഖയിൽനിന്ന് 100 മീറ്റര്‍ (330 അടി) അകലെയാണ് സ്ലിം ലാന്‍ഡ് ചെയ്തിരുന്നത്. സാധാരണ ലാന്‍ഡിങ് മേഖലകളെക്കാള്‍ ഇടുങ്ങിയതാണ് ഈ പ്രദേശം. ഗർത്തത്തിൽ തലകീഴായി പതിച്ചതോടെയാണ് ബാറ്ററി ദിശ തെറ്റി വൈദ്യുതി ഉൽപാദനം നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.