ചന്ദ്രനിലേക്ക് ജപ്പാനും; പറന്നുയർന്ന് സ്ലിം, ആശംസയറിച്ച് ഐ.എസ്.ആർ.ഒ
text_fieldsനിരവധി മാറ്റിവെക്കലുകൾക്ക് ശേഷം ജപ്പാന്റെ ചാന്ദ്രദൗത്യവുമായ 'സ്ലിം' ബഹിരാകാശ പേടകം വ്യാഴാഴ്ച രാവിലെ വിജയകരമായി വിക്ഷേപിച്ചു. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ ഇറങ്ങുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറും. നാല് മുതൽ ആറ് മാസത്തിനുള്ളിൽ ലാൻഡിങ് നടത്താൻ പദ്ധതിയിട്ടിരിക്കുന്ന സ്ലിം (SLIM) അഥവാ സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ, ചന്ദ്രനിലേക്ക് ഒരു നീണ്ട പാതയിലൂടെയാവും സഞ്ചരിക്കുക. വിജയിച്ചാൽ ചന്ദ്രനിൽ ഇറങ്ങുന്ന ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ബഹിരാകാശ പേടകമായിരിക്കും സ്ലിം. വിജയകരമായ വിക്ഷേപണത്തിൽ ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ) ക്ക് ഐ.എസ്.ആർ.ഒ ആശംസകൾ അറിയിച്ചു.
'ചന്ദ്രനിലേക്ക് സ്ലിം ലാൻഡർ വിജയകരമായി വിക്ഷേപിച്ചതിന് അഭിനന്ദനങ്ങൾ ജാക്‌സ. ആഗോള ബഹിരാകാശ സമൂഹത്തിന്റെ മറ്റൊരു വിജയകരമായ ചാന്ദ്ര ഉദ്യമത്തിന് ആശംസകൾ' ഐ.എസ്.ആർ.ഒ അറിയിച്ചു. സ്ലിംനെ ബഹിരാകാശത്തേക്ക് കൊണ്ടുപോയ H-IIA റോക്കറ്റിൽ എക്സ്-റേ ഇമേജിങ് ആൻഡ് സ്പെക്ട്രോസ്കോപ്പി മിഷൻ (XRISM) ഉണ്ടായിരുന്നു. ഇത് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾക്കുള്ള ഉപഗ്രഹമാണ്.ചന്ദ്രനിലിറങ്ങാൻ ജാക്‌സ നടത്തുന്ന ആദ്യ ശ്രമമാണിത്. നേരത്തെ, ഈ വർഷം മേയിൽ ഒരു സ്വകാര്യ ജാപ്പനീസ് കമ്പനി നടത്തിയ സമാന ശ്രമം പരാജയപ്പെട്ടിരുന്നു.
200 കിലോഗ്രാം ഭാരമുള്ള വളരെ ചെറിയ ബഹിരാകാശ പേടകമാണ് സ്ലിം. അതേസമയം, ചന്ദ്രയാൻ -3 ലാൻഡർ മൊഡ്യൂളിന് ഏകദേശം 1,750 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. തെരഞ്ഞെടുത്ത സൈറ്റിന്റെ 100 മീറ്ററിനുള്ളിൽ കൃത്യമായ ലാന്‍റ് ചെയ്യുക എന്നതാണ് സ്ലിം-ന്‍റെ പ്രധാന ലക്ഷ്യം. ലാൻഡിങ് സൈറ്റ് സ്ഥിതി ചെയ്യുന്നത് ഒരു ഗർത്തത്തിനടുത്തായതിനാൽ ചുറ്റുമുള്ള പ്രദേശം ഏകദേശം 15 ഡിഗ്രി വരെ ചരിവുള്ളതാണ്. അതിനാൽ, അത്തരമൊരു ചരിവിൽ സുരക്ഷിതമായി ഇറങ്ങുക എന്നത് പ്രധാനമാണ്- ജാക്സ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.