ചന്ദ്രനിൽ തൊട്ട് ജപ്പാനും; ‘സ്‍ലിം’ പേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി; സിഗ്നലിനായി കാത്തിരിപ്പ്
text_fieldsജപ്പാന്‍റെ ആദ്യ ചാന്ദ്രാ പര്യവേക്ഷണം വിജയകരമെന്ന് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ജാക്സ’. ജപ്പാന്‍ വിക്ഷേപിച്ച ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) എന്ന പേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി. വിജയം ഉറപ്പിക്കാനുള്ള സിഗ്നൽ ലഭിക്കുന്നതിന് ‘ജാക്സ’ ശാസ്ത്രജ്ഞർ കാത്തിരിക്കുകയാണ്.
ടോക്കിയോ സമയം ശനിയാഴ്ച പുലർച്ചെ 12:20നാണ് പേടകം ചന്ദ്രന്‍റെ മണ്ണിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതെന്ന് ‘ജാക്സ’ പുറത്തുവിട്ട ടെലിമെട്രിക് രേഖകൾ വിവരിക്കുന്നു. ‘സ്‍ലിം’ പേടകം ഇറങ്ങിയതോടെ ചന്ദ്രന്‍റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ഈ നൂറ്റാണ്ടിലെ മൂന്നാമത്തെ രാജ്യവും നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യവുമാണ് ജപ്പാൻ. അമേരിക്ക, സോവിയന്‍റ് യൂണിയൻ, ഇന്ത്യ, ചൈന എന്നിവയാണ് മുമ്പ് ചന്ദ്രനിൽ മൃദുവിറക്കം നടത്തിയ മറ്റ് രാജ്യങ്ങൾ.
സെപ്റ്റംബർ ആറിനാണ് എച്ച്-ഐ.ഐ.എ 202 റോക്കറ്റിൽ ‘മൂൺ സ്നൈപ്പർ’ (Moon Sniper) എന്ന വിളിപ്പേരുള്ള ‘സ്‍ലിം’ റോബോട്ടിക് പര്യവേക്ഷണ പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. നേരിട്ട് ചന്ദ്രനിലേക്ക് പറക്കുകയായിരുന്നില്ല ‘സ്‍ലിം’ ചെയ്തത്. പകരം, ചാന്ദ്രവാഹനത്തോടൊപ്പം റോക്കറ്റിൽ ഘടിപ്പിച്ചിരുന്ന ഒരു ബഹിരാകാശ ടെലിസ്കോപിനെ (എക്സ്റേ ഇമാജിങ് ആൻഡ് സ്പെക്ടോസ്കോപി മിഷൻ) ശൂന്യാകാശത്ത് സ്ഥാപിച്ചു.
തുടർന്നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി ‘സ്‍ലിം’ കുതിച്ചത്. ജനുവരി 14ന് ചാന്ദ്രഭ്രമണപഥത്തിലെത്തിയ ‘സ്‍ലിം’ കഴിഞ്ഞ ദിവസം താഴ്ന്നു പറക്കാൻ ആരംഭിച്ചു. തുടർന്ന് ചന്ദ്രന്‍റെ 15 കിലോമീറ്റർ ചുറ്റളവിലുള്ള ഭ്രമണപഥത്തിലാണ് ‘സ്‍ലിം’ പേടകം വലം വെച്ചിരുന്നത്.
ചന്ദ്രന്‍റെ ഉപരിതലത്തിൽ കൃത്യത ഉറപ്പാക്കി ഇറങ്ങാനുള്ള ‘പിൻ പോയിന്‍റ് ലാൻഡിങ്’ സാങ്കേതിക വിദ്യയാണ് ജപ്പാൻ പരീക്ഷിച്ചത്. മുൻ ചാന്ദ്രാദൗത്യ പേടകങ്ങൾ ഇറങ്ങിയത് ചന്ദ്രന്‍റെ വിവിധ ധ്രുവങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. ചന്ദ്രന്റെ ഉത്ഭവത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലിന് സഹായിക്കുന്ന സ്ഥലത്തെ പാറകളെ കുറിച്ച് പേടകത്തിലുള്ള രണ്ട് പേലോഡുകൾ പഠിക്കും.
ഷിയോലി എന്ന ചെറുഗർത്തത്തിന് സമീപത്തെ 15 ഡിഗ്രി ചരിഞ്ഞ പ്രദേശത്താണ് 200 കിലോഗ്രാം ഭാരമുള്ള ‘സ്‍ലിം’ എന്ന പേടകം ഇറക്കാൻ തീരുമാനിച്ചിരുന്നത്. 1969ൽ അപ്പോളോ 11 ഇറങ്ങിയ പ്രാചീന അഗ്നിപർവത പ്രവർത്തനങ്ങളാൽ സൃഷ്ടിക്കപ്പെട്ട സീ ഓഫ് ട്രാൻക്വിലിറ്റി എന്ന ചാന്ദ്ര സമതലത്തിലാണ് ഷിയോലി ഗർത്തം സ്ഥിതി ചെയ്യുന്നത്. നിലവിൽ നിശ്ചയിച്ച സ്ഥലത്ത് നിന്ന് 100 മീറ്റർ (328 അടി) പരിധിയിൽ മൃദുവിറക്കം (സോഫ്റ്റ് ലാൻഡിങ്) ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.