മ്യൂസിയത്തിലുള്ള തന്റെ ‘ഹൃദയം’ കാണാൻ 16 വർഷങ്ങൾക്ക് ശേഷം ജെന്നിഫർ എത്തി...
text_fieldsമ്യൂസിയങ്ങൾ സന്ദർശിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ.. കലാ സാഹിത്യ സാംസ്‌കാരിക പ്രാധാന്യമുള്ള പുരാതനവും അമൂല്യവുമായ വസ്തുക്കൾ മ്യൂസിയങ്ങളിൽ പോയി കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളവരാകും നിങ്ങൾ. എന്നാൽ, ജെന്നിഫർ സറ്റൺ എന്ന 38-കാരി കഴിഞ്ഞ ദിവസം ലണ്ടനിലെ പ്രശസ്തമായ ഹണ്ടേറിയൻ മ്യൂസിയം സന്ദർശിച്ചത് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്. കാരണം, ജെന്നിഫർ മ്യൂസിയത്തിൽ പോയത് സ്വന്തം ഹൃദയം കാണാനായിരുന്നു. 16 വർഷങ്ങൾക്ക് മുമ്പായിരുന്നു അവരുടെ ഹൃദയം മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചത്.
യു.കെയിൽ വെച്ച് ജെന്നിഫറിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നിരുന്നു. അന്ന് നീക്കം ചെയ്ത അവരുടെ സ്വന്തം ഹൃദയം, ഹണ്ടേറിയൻ മ്യൂസിയത്തിൽ പ്രദർശനത്തിന് വെക്കുകയും ചെയ്തു. ‘തന്റെ അവയവം താൻ ജീവിച്ചിരിക്കെ ഒരു പ്രദർശന വസ്തുവായി കാണാൻ കഴിഞ്ഞത് തീർത്തും അവിശ്വസനീയമായ അനുഭവമായിരുന്നു’വെന്ന് ഹാംഷെയറിലെ റിങ്വുഡ് സ്വദേശിയായ ജെന്നിഫർ പറഞ്ഞു. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.
ഹൃദയത്തെ കഴിയുന്നത്ര ആരോഗ്യത്തോടെ നിലനിർത്താനായി തിരക്കേറിയതും സജീവവുമായ ജീവിതമാണ് താനിപ്പോൾ നയിക്കുന്നതെന്നും കഴിയുന്നത്ര കാലം ഇതുപോലെ തുടരാനാണ് തന്റെ പദ്ധതിയെന്നും 16 വർഷമായി മറ്റൊരാളുടെ ഹൃദയവുമായി ജീവിക്കുന്ന ജെന്നിഫർ പറയുന്നു.
യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരിക്കെയാണ് തന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് ജെന്നിഫർ മനസിലാക്കുന്നത്. ചെറിയ വ്യായാമങ്ങൾ പോലും ചെയ്യാൻ പ്രയാസപ്പെടുന്നതായി അവർ കണ്ടെത്തി. ‘റെസ്ട്രിക്ടീവ് കാർഡിയോമയോപ്പതി’ എന്ന ഗുരുതരമായ രോഗാവസ്ഥയായിരുന്നു ജെന്നിഫറിന്. ശരീരത്തിന് ചുറ്റും രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുന്ന അവസ്ഥ. ഹൃദയം മാറ്റിവെക്കാതെ ജീവൻ നിലനിർത്താൻ കഴിയില്ലെന്ന് വന്നതോടെ ജെന്നിഫർ അതിന് തയ്യാറായി.
എന്നാൽ, 22 കാരിയായ ജെന്നിഫറിന് മാച്ചായ ഹൃദയം ലഭിക്കാതെ വന്നതോടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. പക്ഷേ 2007 ജൂണിൽ അവൾക്ക് ആ സന്തോഷ വാർത്ത ലഭിച്ചു. ജെന്നിഫറിന് 13 വയസുള്ളപ്പോൾ ഇതുപോലൊരു ശസ്ത്രക്രിയയെ തുടർന്ന് അവളുടെ അമ്മ മരിച്ചിരുന്നു. അത് അവരെ വളരെ ഉത്കണ്ഠാകുലയാക്കുകയും ചെയ്തു.
എന്നാൽ, ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഉണർന്നപ്പോഴുള്ള ആദ്യത്തെ ചിന്ത ‘ഞാനൊരു പുതിയ വ്യക്തിയായി മാറിയല്ലോ..’ എന്നായിരുന്നുവെന്ന് ജെന്നിഫർ പറയുന്നു. തന്റെ ഹൃദയം പ്രദർശനത്തിനായി ഉപയോഗിക്കുന്നതിന് റോയൽ കോളേജ് ഓഫ് സർജൻസിന് അവർ അനുമതി നൽകി. ഇപ്പോൾ ഹോൾബോണിലെ മ്യൂസിയത്തിൽ അത് എല്ലാവർക്കും കാണാനായി പ്രദർശിപ്പിച്ചിട്ടുണ്ട്.
‘എന്റെ ശരീരത്തിനുള്ളിലുണ്ടായിരുന്ന അവയവമാണല്ലോ അത്’ എന്ന വിചിത്രമായ ചിന്തയാണ് ഹൃദയം നേരിട്ട് കാണുമ്പോൾ മനസിലേക്ക് വരുന്നതെന്ന് ജെന്നിഫർ പറയുന്നു. ‘‘അതേസമയം, വളരെ നല്ല അനുഭൂതിയും അത് തരുന്നുണ്ട്. അതെന്റെ സുഹൃത്തിനെ പോലെയാണ്. എന്നെ 22 വർഷക്കാലം ജീവനോടെ അത് നിലനിർത്തി, അതിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു’’. -ജെന്നിഫർ പറയുന്നു. തനിക്ക് ഹൃദയം തന്ന ആളെയും അവർ നന്ദിയോടെ സ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.