വ്യാഴം ഭൂമിയുടെ എതിർഭാഗത്തേക്ക്; കാണാം കൂടുതൽ മിഴിവോടെ
text_fieldsപയ്യന്നൂർ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഭൂമിയുടെ എതിർദിശയിൽ വരുന്നു. ഈ മാസം 13 വരെയാണ് ഈ സ്ഥാന മാറ്റം. ഇതോടെ വ്യാഴത്തെ കൂടുതൽ തിളക്കത്തിൽ ആകാശത്തു കാണാം. ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുവശത്ത് വ്യാഴവും ഒരേ രേഖയിൽ നേർക്കുനേർ വരുന്ന പ്രതിഭാസത്തെയാണ് ഓപ്പോസിഷൻ എന്നു പറയുന്നത്. ഞായറാഴ്ച മുതൽ സൂര്യാസ്തമയ സമയത്തുതന്നെ വ്യാഴം നേരെ കിഴക്ക് ഉദിക്കും. പുലരുംവരെ വ്യാഴം ആകാശത്തുണ്ടാകും. സൂര്യോദയ സമയത്ത് പടിഞ്ഞാറ് അസ്തമിക്കും. മാർച്ച് മാസം വരെ വ്യാഴം സന്ധ്യാകാശത്തു തന്നെയുണ്ടാകും.
മറ്റു ദൃശ്യ ഗ്രഹങ്ങളായ ചൊവ്വ, ശനി, ശുക്രൻ എന്നിവയെയും ഇനി മുതൽ സന്ധ്യാകാശത്തു കാണാം. വ്യാഴത്തിന്റെ തൊട്ട് കിഴക്ക് ചൊവ്വയെ കാണാം. അസ്തമയ സമയത്ത് പടിഞ്ഞാറൻ ചക്രവാളത്തിൽ നല്ല പ്രഭയിൽ ശുക്രനുണ്ടാകും. ഡിസംബർ ഞായറാഴ്ച ആകാശത്തിന്റെ പടിഞ്ഞാറുഭാഗത്ത് ചന്ദ്രനും ശനിയും വളരെ അടുത്തടുത്തായി നിൽക്കുന്നതും കാണാം. ഗ്രഹങ്ങളെ ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കുന്നതിനായി ചൊവ്വാഴ്ച പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രത്തിൽ സൗകര്യം ഒരുക്കുന്നതാണെന്ന് കേന്ദ്രം ഡയറക്ടർ ഗംഗാധരൻ വെള്ളൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.