ബഹിരാകാശ ഇലക്ട്രോണിക്സ് മേഖലയിൽ കെൽട്രോണിന് വലിയ സാധ്യത -എസ്. സോമനാഥ്
text_fieldsഅരൂർ: അരൂരിലെ കെൽട്രോൺ കൺട്രോൾസിലെ ബഹിരാകാശ ഇലക്ട്രോണിക്സ് മേഖലയിലെ നിർമാണശാല സന്ദർശിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ്. ഓർഡർ തരുന്നവർ ഏൽപ്പിക്കുന്ന ജോലികൾ ചെയ്യുന്ന വെറും യന്ത്രങ്ങൾ മാത്രമായി സാങ്കേതിക വിദഗ്ധർ മാറരുതെന്ന് അദ്ദേഹം പറഞ്ഞു. ഉൽപ്പന്നങ്ങളുടെ നിർമാണം നേരിൽ കണ്ടും, ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപ്പന്ന കൈമാറ്റ ചടങ്ങിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഓർഡർ തരുന്നവർ ഏൽപ്പിക്കുന്ന ജോലികൾ ചെയ്യുന്ന വെറും യന്ത്രങ്ങൾ മാത്രമായി സാങ്കേതിക വിദഗ്ധർ മാറരുത്.
ചെലവ് കുറച്ചും, മെച്ചപ്പെട്ട ഗുണനിലവാരത്തിലും, സൂക്ഷ്മതയോടെയും ഉൽപ്പന്നങ്ങളുണ്ടാക്കാൻ സാങ്കേതിക വിദഗ്ധർക്ക് കഴിയണം. ഐ. എസ് .ആർ.ഒ യിൽ സ്പേസ് ടെക്നോളജിക്കുള്ള സാധ്യത കൂടിവരികയാണ്. കെൽട്രോണിന് വളരെയധികം കാര്യങ്ങൾ ചെയ്യാൻകഴിയും. എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് കെൽട്രോണിന്റെ ചുമതലക്കാർ ചിന്തിക്കുകയും, ഐ. എസ്. ആർ. ഒ യിലെ അധികാരികളുമായി ചർച്ചചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
കെൽട്രോണിലെ മികച്ച എൻജിനീയർമാരെ ഇപ്പോൾ കാണണമെങ്കിൽ പല വിദേശ രാജ്യങ്ങളിലും പോകേണ്ടി വരുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം. മുഹമ്മദ് ഹാനിഷ് പറഞ്ഞു. ഇലക്ട്രോണിക്സ് രംഗത്ത് വളരെ മികച്ച നിന്നിരുന്ന കെൽട്രോൺ പലപ്പോഴും കമ്പോളത്തിലെ മത്സരങ്ങളും, മൂലധനത്തിന്റെ ദൗർലഭ്യവും നേരിട്ട് പിന്നോട്ട് പോകേണ്ടി വന്നിട്ടുണ്ട്. ഐ.എസ് .ആർ.ഒ യുടെ പുതിയ സമീപനം പ്രത്യാശക്ക് വക നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർ,കെൽട്രോൺ കൺട്രോൾ അരൂർ ഡിവിഷൻ ജനറൽ മാനേജർ കെ വി അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ അസോസിയേറ്റ് ഡയറക്ടർ ആർ.ഹട്ടൻ, കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി, എൽ.പി.എസ് .സി ഡയറക്ടർ ഡോ: വി. നാരായണൻ, കെൽട്രോൺ ടെക്നിക്കൽ ഡയറക്ടർ എസ്. വിജയൻപിള്ള, കെൽട്രോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.