വിശ്രമിക്കാൻ സമയമില്ല; അടുത്ത ലക്ഷ്യം കുവൈത്ത് സാറ്റ് -2
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത്സാറ്റ്-1 വിജയകരമായി വിക്ഷേപിച്ചതോടെ തങ്ങളുടെ ജോലി കഴിഞ്ഞെന്ന് അതിനു പിന്നിൽ പ്രവർത്തിച്ചവർ കരുതുന്നില്ല. ഇടവേളകളും എടുക്കുന്നില്ല, ഇതിനകം സമാനമായ രണ്ടാമത്തെ പദ്ധതിയിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞുകഴിഞ്ഞു. കുവൈത്ത് സാറ്റ് -2 രൂപകൽപനയിലാണ് ഈ വിജയസംഘം. മൂന്ന് വർഷത്തിനുള്ളിൽ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള കഠിനവും സങ്കീർണവുമായ ദൗത്യത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് താനും സഹപ്രവർത്തകരുമെന്ന് കുവൈത്ത് സാറ്റ്-1ൽ നിർണായക ചുമതലകൾ വഹിച്ച ഡോ. യാസർ അബ്ദുൽ റഹിം പറഞ്ഞു. ക്യൂബ് സാറ്റ് 2 ഇനത്തിൽ ഉൾപ്പെടുന്ന രണ്ടാമത്തെ ഉപഗ്രഹം കുവൈത്ത്സാറ്റ്-1നേക്കാൾ വലുതായിരിക്കും. ഇത് കുവൈത്ത് യൂനിവേഴ്സിറ്റിയിൽ രൂപകൽപന ചെയ്ത് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. അന്തരീക്ഷ നിലയെക്കുറിച്ചുള്ള ചിത്രങ്ങൾകൊപ്പം വിവരങ്ങൾ കൈമാറുന്ന ഹൈപ്പർ എക്സ്പെക്ടഡ് ഹൈ ഡെഫനിഷൻ കാമറ കുവൈത്ത് സാറ്റ് -2 സജ്ജീകരിക്കും.
നൂതന ബഹിരാകാശ പരിജ്ഞാനവും, അനുഭവപരിചയവുമുള്ള രാജ്യങ്ങളിലെ ലബോറട്ടറികളുടെ സവിശേഷതകളുമായി കിടപിടിക്കുന്ന തരത്തിൽ കുവൈത്തിലെ ലബോറട്ടറികൾ പരിഷ്കരിച്ചിട്ടുണ്ടെന്ന് ഡോ. യാസർ അബ്ദുൽ റഹിം പറഞ്ഞു. ആദ്യത്തെ ഉപഗ്രഹത്തിൽ ഘടിപ്പിച്ച കാമറകൾ സ്ഥാപിക്കുന്നതിലും പ്രോഗ്രാമിങ്ങിലും കുവൈത്തിലെ ശാസ്ത്രജ്ഞൻ പങ്കെടുത്തിട്ടുണ്ട്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, പുതിയ ഉപഗ്രഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കുവൈത്തിൽ നിർമിക്കാനുള്ള ശ്രമത്തിലാണ്. സമീപഭാവിയിൽ അതു നേടാനാകും- ഡോ. അബ്ദുൽ റഹീം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ഉപഗ്രഹ നിർമാണത്തിനായി ഒരു സമ്പൂർണ കേന്ദ്രം സ്ഥാപിക്കുന്നതിന് ധാരാളം സാങ്കേതികവിദ്യകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചിപ്പ് ലഭ്യമല്ലാതെ വരുന്നത് ഒരു ഉപഗ്രഹം നിർമിക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും തടഞ്ഞേക്കാം. ചില തടസ്സങ്ങൾ ഉണ്ടെങ്കിലും, സമ്പൂർണ ഉപഗ്രഹ നിർമാണ കേന്ദ്രം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആത്മവിശ്വാസം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിന്റെ ആദ്യ ഉപഗ്രഹം കുവൈത്ത് സാറ്റ്-1 ചൊവ്വാഴ്ചയാണ് വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. യു.എസിലെ ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്സ് ബേസിൽനിന്ന് കുവൈത്ത് സമയം വൈകീട്ട് 5.55 നായിരുന്നു വിക്ഷേപണം. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ മേഖലയിലെ നാഴികക്കല്ലായി ഇതിനെ കണക്കാക്കുന്നു.
അമീർ അഭിനന്ദനങ്ങൾ അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് സാറ്റ്-1 ന്റെ വിജയകരമായ വിക്ഷേപണത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, അതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു. വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. അബ്ദുൽ വഹാബ് ഹമദ് അൽ അദാനിക്ക് അമീർ അഭിനന്ദന സന്ദേശം അയച്ചു. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ വിവിധ ശാസ്ത്ര വിഭാഗങ്ങളിലെ ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ, ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഹെഡ് ഡോ. ഹലാ ഖാലിദ് അൽ ജസ്സാർ എന്നിവരടങ്ങിയ പ്രോജക്ട് ടീമിന്റെ ശ്രമങ്ങളെയും അമീർ പ്രശംസിച്ചു. ബഹിരാകാശ ശാസ്ത്ര മേഖലയിലെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഗവേഷണത്തിനും മികച്ച സംഭാവന നൽകുന്ന കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ (കെ.എഫ്.എ.എസ്) പങ്കിനെയും അമീർ അഭിനന്ദിച്ചു. കുവൈത്ത് ജനതക്ക് കൂടുതൽ നേട്ടങ്ങളും വികസനവും ആരോഗ്യവും ആശംസിച്ച അമീർ, രാജ്യത്തെ സേവിക്കുന്നതിൽ എല്ലാവർക്കും വിജയം നൽകണമേയെന്ന് പ്രാർഥിച്ചു.
പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും അഭിനന്ദിച്ചു. വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. ഹമദ് അൽ അദാനി, ഉപഗ്രഹത്തിനായുള്ള ദേശീയ പ്രോജക്ട് ടീം എന്നിവർക്ക് കിരീടാവകാശി ആശംസ സന്ദേശം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.