കുവൈത്ത് സാറ്റ്-1 വിക്ഷേപണത്തിന് ഒരുങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ ആദ്യ വിദ്യാഭ്യാസ സാറ്റലൈറ്റ് 'കുവൈത്ത് സാറ്റ്-1' വിക്ഷേപണം ഈ വർഷം അവസാനത്തോടെ. കുവൈത്ത് സാറ്റ്-1 പ്രോജക്ട് ഡയറക്ടറും യൂനിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ടീച്ചിങ് ഫാക്കൽറ്റി അംഗവുമായ ഡോ. ഹല അൽ ജസ്സാർ ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസാണ് (കെ.എഫ്.എ.എസ്) പദ്ധതിക്ക് പിന്നിൽ. മൂന്നു വർഷമായി ഗവേഷണം നടക്കുന്ന കുവൈത്ത് സാറ്റ്-1 കുവൈത്തിന്റെ അഭിമാനകരമായ പദ്ധതിയായാണ് കണക്കാക്കുന്നത്. സയൻസസ് ആൻഡ് എൻജിനീയറിങ്, പെട്രോളിയം കോളജുകളിലെ വിവിധ വകുപ്പുകളുടെ സഹകരണം പദ്ധതി പൂർത്തീകരണത്തിന് പിന്നിലുണ്ട്. ബഹിരാകാശ മേഖലയിൽ സർവകലാശാലയുടെ പങ്കും, സാറ്റലൈറ്റ് നിർമാണ മേഖലയിൽ യുവാക്കളുടെ കഴിവുകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്ന് ഡോ. ഹല അൽ ജസ്സർ പറഞ്ഞു.
കുവൈത്ത് സാറ്റ്-1 വിക്ഷേപണത്തോടനുബന്ധിച്ച്, ബഹിരാകാശ ശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി കോളജ് ഓഫ് സയൻസ് നവംബർ ഒന്ന്, രണ്ട് തീയതികളിൽ ബഹിരാകാശ ശാസ്ത്ര-സാങ്കേതിക പ്രദർശനം നടത്തുമെന്നും അവർ പറഞ്ഞു. കെ.എഫ്.എ.എസി ന്റെ പിന്തുണയോടെ കുവൈത്ത് യൂനിവേഴ്സിറ്റിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. നാനോമെട്രിക് ഉപഗ്രഹങ്ങൾ രൂപകൽപന ചെയ്യുന്നതിലും നിർമിക്കുന്നതിലും വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശ വ്യവസായ ഗവേഷണത്തിനും വികസനത്തിനുമുള്ള കേന്ദ്രമായി കുവൈത്ത് സർവകലാശാലയിൽ ബഹിരാകാശ ലാബ് സ്ഥാപിക്കുമെന്നും ഡോ. ഹല അൽ ജസ്സാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.