ആകാശ കൗതുകങ്ങളിൽനിന്ന് നക്ഷത്രലോകത്തേക്ക്; കുവൈത്ത് സാറ്റ്-1 വിക്ഷേപണം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ആകാശം കൗതുകങ്ങളുടെ കലവറയാണ്. മനുഷ്യർ എന്നും ആകാശക്കാഴ്ചകളിൽ വിസ്മയംകൊള്ളുകയും വിശാലമായ ബഹിരാകാശശൂന്യതയിൽ എന്താണെന്ന് ആശ്ചര്യപ്പെടുകയും ചെയ്യുന്നു. എത്തിപ്പിടിക്കാവുന്നതിലും അപ്പുറത്തെ ജിജ്ഞാസയുടെ പട്ടികയിൽ ഉൾപ്പെടുത്തി മിക്കവരും ആ കൗതുകങ്ങളെ മാറ്റിവെക്കും. എന്നാൽ, കുവൈത്തിലെ ഒരുപാടുപേർക്ക് ആകാശം അവരുടെ അഭിലാഷത്തിന്റെ കേന്ദ്രമായിരുന്നു. അവർ നക്ഷത്രങ്ങളിലേക്ക് എത്തിച്ചേരുന്നത് സ്വപ്നം കാണുകയും പ്രപഞ്ചത്തിന്റെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരംതേടുകയും ചെയ്തു. അതിനൊടുവിലാണ് കുവൈത്ത് സാറ്റ്-1 എന്ന ഉപഗ്രഹ ലക്ഷ്യസാക്ഷാത്കാരത്തിലേക്ക് അവർ എത്തിയത്.
കുവൈത്ത് സാറ്റ്-1ന് പിന്നിലെ ഹീറോകൾ പലരാണ്. കുവൈത്ത് യൂനിവേഴ്സിറ്റിയുടെ (കെ.യു) കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് സയൻസിലെ വിദ്യാർഥികൾ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (കെ.എഫ്.എ.എസ്), കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് (കെ.ഐ.എസ്.ആർ) എന്നിവിടങ്ങളിലെ ശാസ്ത്രപ്രതിഭകൾ എന്നിവരാണ് ഇതിന് പിന്നിൽ. പ്രോജക്ട് ഡയറക്ടർ ഡോ. ഹാല അൽ ജസ്സാർ ഇവരെയെല്ലാം ഏകോപിപ്പിച്ച് ലക്ഷ്യപൂർത്തീകരണത്തിലേക്ക് നയിച്ചു.
കുവൈത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ചൊവ്വാഴ്ച കുവൈത്ത് സാറ്റ്-1 ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങവെ, അതിലേക്കെത്തിയ കഥ ഇങ്ങനെയാണ്.
കുവൈത്തിലെ പടിഞ്ഞാറൻ മരുഭൂമിയിലെ ഈർപ്പനിലയെ കുറിച്ചുള്ള ഡാറ്റക്കായി യൂനിവേഴ്സിറ്റിയിലെ ഫിസിക്സ് ഡിപ്പാർട്മെന്റിലെ ഒരുകൂട്ടം വിദ്യാർഥികൾ ശ്രമംതുടങ്ങിയതിൽനിന്നാണ് തുടക്കം. ഇതിനായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെ.പി.എൽ) സഹകരണം തേടിയിരുന്നു. ഇതിനിടെ, നാസയുടെ എസ്.എം.എ.പി ഉപഗ്രഹത്തെ ആശ്രയിക്കുന്നതിന് പകരം കുവൈത്ത് നിർമിത ഉപഗ്രഹം ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താൻ കഴിയുമോ എന്ന് കെ.എഫ്.എ.എസ് അന്വേഷിച്ചു. ഇതൊരു മികച്ച ആശയമായി ഡോ. അൽ ജസ്സാറിന് തോന്നി.
ആ നിമിഷം മുതൽ കുവൈത്തിലെ അക്കാദമിക വിദഗ്ധരും വിദ്യാർഥികളും ഉപഗ്രഹത്തിന്റെ രൂപരേഖ തയാറാക്കാനുള്ള പരിശ്രമംതുടങ്ങി. അളവുകളും ലക്ഷ്യവും മാർഗവും കണക്കുകൂട്ടി. 2018ൽ കെ.യു, എൻ.എ.എസ്, കെ.എഫ്.എ.എസ്, കെ.ഐ.എസ്.ആർ എന്നിവയുടെ സഹകരണത്തോടെ കുവൈത്ത് സാറ്റ് -1ന്റെ പ്രാരംഭഘട്ടം ആരംഭിച്ചു. 2019 ഒക്ടോബറിൽ കുവൈത്ത് സാറ്റ്-1 പ്രത്യേക പദ്ധതിയായി വികസനം തുടങ്ങി. 45 വിദ്യാർഥികൾ മൂന്ന് വർഷത്തിന് മുകളിൽ പദ്ധതിക്കായി കഠിനപ്രയത്നം ചെയ്തു.
ഒടുവിൽ കുവൈത്ത് ആ ലക്ഷ്യത്തിൽ തൊടുകയാണ്. ചൊവ്വാഴ്ച കുവൈത്ത് സമയം വൈകീട്ട് 5.55ന് യു.എസിലെ ഫ്ലോറിഡയിൽനിന്ന് കുവൈത്ത് സാറ്റ്-1 ബഹിരാകാശത്തേക്ക് കുതിക്കും. ലക്ഷ്യങ്ങളിലേക്ക് പ്രത്യാശയോടെ നടന്നാൽ ആകാശം തൊടാം എന്നതിന്റെ തെളിവായി ലോകം അതിനെ അടയാളപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.