ബഹിരാകാശ പര്യവേക്ഷണത്തിലേക്ക് കുവൈത്തും; കുവൈത്ത് സാറ്റ്-1 വിക്ഷേപണം നാളെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും വഹിച്ചുകൊണ്ട് ആദ്യ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1 ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് കുതിക്കും. യു.എസിലെ ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്സ് ബേസിൽനിന്നാണ് വിക്ഷേപണം. ബഹിരാകാശ പര്യവേക്ഷണ ടെക്നോളജീസ് കോർപറേഷന്റെ (സ്പേസ് എക്സ്) ഫാൽക്കൺ- 9 റോക്കറ്റാണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കുക. കുവൈത്ത് സമയം വൈകീട്ട് 5.55 നാകും വിക്ഷേപണം. നേരത്തേ തിങ്കളാഴ്ച വിക്ഷേപിക്കാൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ചൊവ്വാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
വിക്ഷേപണശേഷം നിയുക്ത ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ ഉപഗ്രഹം റോക്കറ്റിൽനിന്ന് വേർപെടുകയും, സൗരോർജ ബാറ്ററികൾ അടങ്ങിയ ചിറകുകൾ വിടർത്തി സ്വയം പ്രവർത്തിക്കാൻ പ്രാപ്തമാകുകയും ചെയ്യും. വിക്ഷേപിച്ച് നാലു മണിക്കൂറും രണ്ടു മിനിറ്റും കൊണ്ട് ഉപഗ്രഹത്തിന് അതിന്റെ ആദ്യ സന്ദേശം അയക്കാൻ കഴിയും. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ (കെ.യു) സ്റ്റേഷനിൽ ലഭിക്കുന്ന സിഗ്നൽ ഉപയോഗിച്ചാണ് വിനിമയങ്ങൾ നടത്തുക. ഉപഗ്രഹത്തിലെ ഹൈ ഡെഫനിഷൻ കാമറ പ്രധാന വിവരങ്ങളും ചിത്രങ്ങളും പകർത്തും. രാജ്യത്തെ ജലാശയങ്ങളിലെ മലിനീകരണത്തിന്റെ തോത് വിശകലനം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പൂര്‍ണമായും കുവൈത്തില്‍ നിർമിതമായ ആദ്യത്തെ ഉപഗ്രഹമാണ് കുവൈത്ത് സാറ്റ്-1. ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്ത് വൈദഗ്ധ്യം നേടിയവരും മികച്ച പരിശീലനം നേടിയവരുമായ കുവൈത്തിലെ യുവ ശാസ്ത്രജ്ഞരുടെ സംഘമാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. 3,16,000 ദീനാർ (1.032 ദശലക്ഷം യു.എസ് ഡോളർ) ആണ് ചെലവ്. നാലുവർഷത്തോളം ഗവേഷണവും പഠനവും നടത്തിയാണ് പ്രോജക്ട് പൂർത്തിയാക്കിയത്. വിക്ഷേപണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്ന് കുവൈത്തിലെ ആദ്യ ഉപഗ്രഹത്തിനായുള്ള ദേശീയ പദ്ധതിയുടെ ഓപറേഷൻ ഡയറക്ടർ ഡോ. അഹ്മദ് അൽ കന്ദ്രി പറഞ്ഞു. കുവൈത്തിന്റെ ബഹിരാകാശ കഴിവുകൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് കുവൈത്ത് സാറ്റ്-1ൽ തുടക്കം കുറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രോജക്ട് ടീം അംഗങ്ങളുടെ പരിശീലനവും ഗവേഷണവും പഠനവും തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.