ആകാശത്ത് കണ്ട അഗ്നിജ്വാല ഉൽക്കാപതനമല്ല, പറക്കുംതളികയുമല്ല; ചൈനീസ് റോക്കറ്റിന്‍റെ തിരിച്ചുവരവ് -VIDEO
text_fieldsശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഗ്രാമവാസികളെ ഭീതിപ്പെടുത്തി ആകാശത്ത് കണ്ട അഗ്നിജ്വാല ഉൽക്കാപതനമോ വാൽനക്ഷത്രമോ അല്ലെന്ന് വിദഗ്ധർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിക്ഷേപിച്ച ചൈനീസ് റോക്കറ്റിന്‍റെ അവശിഷ്ടങ്ങൾ അന്തരീക്ഷത്തിലേക്ക് പുന:പ്രവേശിച്ചതാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയ റോക്കറ്റ് അവശിഷ്ടങ്ങൾക്ക് തീപിടിച്ചതാണ് ആകാശത്ത് അതിവേഗം മുന്നേറുന്ന അഗ്നിജ്വാലയായി ഗ്രാമവാസികൾ കണ്ടത്. റോക്കറ്റിന്‍റെ ഏതാനും അവശിഷ്ടങ്ങൾ ഗ്രാമങ്ങളിൽ നിന്ന് ലഭിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ആകാശത്ത് അഗ്നിജ്വാല നാട്ടുകാർ കാണുന്നത്. ഇതിന് പിന്നാലെ രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾക്ക് അപൂർവമായ ചില വസ്തുക്കൾ കൃഷിയിടങ്ങളിൽ നിന്ന് ലഭിക്കുകയും ചെയ്തു. സിന്ദേവാഹിയിലെ ലാദ്ബോറി ഗ്രാമത്തിലെ ജനങ്ങൾ കണ്ടത് മൂന്ന് മീറ്റർ വ്യാസമുള്ള ഒരു ലോഹ വളയമായിരുന്നു. കൈകൊണ്ട് തൊടാനാവാത്ത രീതിയിൽ ചുട്ടുപൊള്ളുന്ന നിലയിലായിരുന്നു ഇത്. ഇതേസമയം തന്നെ പവൻപാർ ഗ്രാമത്തിൽ സമാനാവസ്ഥയിൽ വലിയൊരു ലോഹഗോളവും കണ്ടെത്തി. ഇതോടെ, അന്യഗ്രഹ ജീവികളുടെ പറക്കുംതളിക ആകാശത്തുവെച്ച് പൊട്ടിത്തെറിച്ചതാണെന്നുവരെ അഭ്യൂഹമുയർന്നു. ജില്ല അധികൃതരെ വിവരമറിയിച്ചതോടെ അവരും സ്ഥലത്തെത്തി വസ്തുക്കൾ പരിശോധിച്ചിരുന്നു.
ചൈനയുടെ ലോങ് മാർച്ച് 3ബി റോക്കറ്റിന്‍റെ മൂന്നാം ജ്വലനഘട്ടത്തിൽ പുറന്തള്ളപ്പെട്ട അവശിഷ്ട ഭാഗമാണ് മഹാരാഷ്ട്രയിൽ കണ്ടതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്പേസ്ട്രാക്ക് എന്ന പ്രൊജക്ടിന്‍റെ ഭാഗമായി റോക്കറ്റ് ഭാഗങ്ങളുടെ പുന:പ്രവേശനം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ലോങ് മാർച്ച് 3ബിയുടെ പുന:പ്രവേശനവും സ്പേസ്ട്രാക്ക് ആഴ്ചകൾ മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു.
റോക്കറ്റുകളുടെ ജ്വലനഘട്ടങ്ങളിലുണ്ടാകുന്ന അവശിഷ്ടങ്ങൾ അന്തരീക്ഷത്തിൽ വെച്ചുതന്നെ കത്തിത്തീരുകയോ സമുദ്രങ്ങളിൽ വീഴുകയോ ചെയ്യാറാണ് സാധാരണയായി സംഭവിക്കാറ്. ജനവാസ മേഖലകളിലേക്ക് കടക്കുന്നതും താഴേക്ക് വീഴുന്നതും അപൂർവമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് റോക്കറ്റുകളുടെ ഉപേക്ഷിക്കപ്പെട്ട ഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ സംഭവങ്ങളും ചന്ദ്രനിൽ ഇടിച്ചിറങ്ങിയ സംഭവങ്ങളും നേരത്തെയുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.