വീസാറ്റ് ഭ്രമണപഥത്തിലേക്ക് കുതിച്ചു
text_fieldsതിരുവനന്തപുരം: പൂജപ്പുര വനിത എൻജിനീയറിങ് കോളജ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വനിത നിർമിത ഉപഗ്രഹ പേലോഡും കേരളത്തിലെ ആദ്യ വിദ്യാർഥി ഉപഗ്രഹ പേലോഡുമായ വീസാറ്റ് ആകാശത്തേക്ക് കുതിച്ചുയർന്നു. ഐ.എസ്.ആർ.ഒയുടെ 60ാം വാർഷിക പി.എസ്.എൽ.വി സി 58 മിഷൻ വിക്ഷേപണത്തോടനുബന്ധിച്ച് ശ്രീഹരിക്കോട്ടയിൽനിന്നായിരുന്നു വിക്ഷേപണം.
വീസാറ്റ് യാഥാർഥ്യമാക്കാൻ അക്ഷീണം യത്നിച്ച എൽ.ബി.എസ് തിരുവനന്തപുരം കോളജിലെ വനിത എൻജിനീയർമാരുടെ അർപ്പണബോധത്തിന്റെയും വൈദഗ്ധ്യത്തിന്റെയും തെളിവാണ് ഈ നേട്ടം. അഞ്ചു വർഷംകൊണ്ട് കോളജിലെ 150 ഓളം വിദ്യാർഥിനികൾ ചേർന്ന് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ലിസി അബ്രഹാമിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തതാണ് വീസാറ്റ്. വിവിധ വെല്ലുവിളികൾ അതിജീവിച്ച പദ്ധതിക്ക് ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി, ഡിപ്പാർട്മെൻറ് ഓഫ് സ്പേസ് എന്നിവയുടെ അംഗീകാരവും പിന്തുണയും ഉണ്ട്.
ബഹിരാകാശത്ത് സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളുടെ തോത് അളക്കുകയാണ് വീസാറ്റിന്റെ പ്രാഥമിക ദൗത്യം. ഇതു കാലാവസ്ഥ വ്യതിയാന പഠനങ്ങൾക്കും ആരോഗ്യ അപകടസാധ്യത വിലയിരുത്തലുകൾക്കും വിലപ്പെട്ട ഡേറ്റ നൽകും. പി.എസ്.എൽ.വി സി-58 ദൗത്യത്തിലെ ഏക പവേർഡ് പേലോഡായ വീസാറ്റിന് ഹീറ്റ് ഷീൽഡ് വേർപെടുന്ന നിമിഷം മുതൽ ടെലിമെട്രി ഡേറ്റ ലഭിച്ചു തുടങ്ങും. കോളജിലെ 40 ഓളം വിദ്യാർഥികളും അധ്യാപകരും വിക്ഷേപണം നേരിട്ട് കാണാൻ എത്തിയിരുന്നു. ഇസ്രോ ചെയർമാൻ ഡോ. എസ്. സോമനാഥ്, ജയകുമാർ എന്നിവർ വിജകരമായ വിക്ഷേപണത്തിന് ശേഷമുള്ള സന്ദേശത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി വീസാറ്റിനെ പ്രത്യേകം പരാമർശിച്ചു. ഉത്സവപ്രതീതിയിൽ കോളജ് കാമ്പസിൽ വിക്ഷേപണം ബിഗ് സ്ക്രീനിൽ കാണിച്ചത് കുട്ടികൾ ആവേശത്തോടെ വീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.