പ്രകാശ മലിനീകരണം, മൊണാർക്ക് ചിത്രശലഭങ്ങൾക്ക് വഴിതെറ്റുന്നു
text_fieldsസിൻസിനാറ്റി: പ്രകാശ മലിനീകരണം മൊണാർക്ക് ചിത്രശലഭങ്ങളുടെ സഞ്ചാരകഴിവുകൾ ഇല്ലാതാക്കുന്നുവെന്ന് പഠനം. തെരുവ് വിളക്കുകൾ പോലുള്ള കൃത്രിമ വെളിച്ചങ്ങളിൽ വിശ്രമിക്കുന്ന മൊണാർക്കുകളുടെ സിർക്കാഡിയൻ റിഥം തെറ്റുന്നുണ്ടെന്നാണ് സിൻസിനാറ്റി യൂനിവേഴ്സിറ്റിയിലെ(യു.സി.)ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ദിവസവും 50 മുതൽ 100 മൈലുകളോളം സഞ്ചരിക്കുന്നവയാണ് മൊണാർക്ക് ചിത്രശലഭങ്ങൾ. റോക്കി പർവതങ്ങളുടെ കിഴക്കൻ മേഖലകളിൽ ദശലക്ഷക്കണക്കിനുള്ള മൊണാർക്ക് ശലഭങ്ങൾ ശൈത്യകാലമാകുമ്പോൾ 2500ൽ പരം മൈലുകൾ താണ്ടി മെക്സിക്കൻ പ്രദേശത്തേക്ക് ദേശാടനം നടത്താറുണ്ട്.
രാത്രികാലത്തെ കൃത്രിമ വെളിച്ചങ്ങൾ ഇവയുടെ ദിശയറിയാനുള്ള കഴിവിനെ ഇല്ലാതാക്കുമെന്നും വിശ്രമത്തിൽ സാരമായ തടസ്സങ്ങളുണ്ടാക്കമെന്നും ഗവേഷകർ പറയുന്നു. ഇരുട്ട് ആവശ്യത്തിന് ലഭിച്ചാൽ മാത്രമാണ് ദിശ അറിയാനുള്ള ആന്തരിക പ്രവർത്തനങ്ങൾ ഇവയുടെ ശരീരത്തിൽ നടക്കുക. "ചെറിയൊരു വെട്ടം പൊലും സൂര്യപ്രകാശമായാണ് മൊണാർക്കുകൾ തെറ്റിദ്ധരിക്കുക. ഇതാണ് അപകടം വിളിച്ചുവരുത്തുന്നത്," -ഗവേഷകനായ പാട്രിക് ഗ്വെര പറഞ്ഞു.
ദീർഘദൂരം സഞ്ചരിക്കുന്ന ഷഡ്പദങ്ങൾ പലപ്പോഴും നഗരങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്നുവെന്നത് ആശങ്കാജനകമാണെന്ന് ഗവേഷകനായ സാമുവൽ സ്ട്രാറ്റൻ, പറയുന്നു. രാത്രികാലത്ത് സഞ്ചരിക്കുന്ന മറ്റ് പക്ഷികളെയും മൃഗങ്ങളെയും അമിതപ്രകാശം എത്രമാത്രം ബാധിക്കുമെന്ന് ഗവേഷണം നടക്കുന്നുണ്ട്. പകൽ സഞ്ചരിക്കുന്നവയെ കുറിച്ചും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഗ്വെര പറയുന്നു. 'ഐ സയൻസെ'ന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.