ചൊവ്വയിൽ 200 കോടി വർഷം മുമ്പുവരെ വെള്ളമുണ്ടായിരുന്നതായി പഠനം
text_fieldsസൗരയൂഥത്തിൽ ഭൂമിക്ക് പുറത്ത് മനുഷ്യവാസത്തിന് ഏറ്റവും അനുയോജ്യമായി കരുതുന്ന ഗ്രഹമാണ് ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വ. എന്നാൽ, അതത്ര എളുപ്പമൊന്നുമല്ല. ജീവന് നിലനിൽക്കാനാവശ്യമായ സാഹചര്യങ്ങളൊന്നുമില്ല എന്നതാണ് പ്രധാന വെല്ലുവിളി. ചൊവ്വയിൽ ജീവന്‍റെ സാധ്യതകളെ തിരഞ്ഞുകൊണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യൻ ആരംഭിച്ച ഗവേഷണങ്ങൾ ഇന്നും തുടരുകയാണ്.
ഇലോൺ മസ്കിനെയും ജെഫ് ബെസോസിനെയും പോലെയുള്ള കോടീശ്വരന്മാർ ബഹിരാകാശം ലക്ഷ്യമിട്ടിറങ്ങിയതോടെ ഗവേഷണ പരീക്ഷണങ്ങൾ ഒന്നുകൂടി സജീവമായിട്ടുണ്ട്. ചൊവ്വയിൽ കോളനി സ്ഥാപിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നാണ് സ്പേസ് എക്സ് സ്ഥാപകനായ മസ്ക് പ്രഖ്യാപിച്ചത്. ഏതാനും വർഷങ്ങൾക്കകം സ്പേസ് എക്സിന്‍റെ കൂറ്റൻ ബഹിരാകാശ വാഹനങ്ങളായ സ്റ്റാർഷിപ്പുകൾ മനുഷ്യനെയും കൊണ്ട് ചൊവ്വയിലിറങ്ങുമെന്നും മസ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതിനിടെ, വരണ്ട ഗ്രഹമായ ചൊവ്വയിലെ ജലസാന്നിധ്യത്തെ കുറിച്ച് പുതിയ പഠനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ശാസ്ത്രലോകം ഇതുവരെ കരുതിയതിനെക്കാളും കൂടുതൽ കാലം അടുത്തുവരെ ചൊവ്വയിൽ വെള്ളമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഏകദേശം 300 കോടി വർഷം മുമ്പ് വരെ ചൊവ്വയിൽ നദികളും തടാകങ്ങളും ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകം ഇത്രയും കാലം കരുതിവന്നത്. എന്നാൽ, 200 കോടി വർഷം മുമ്പ് വരെ വെള്ളമുണ്ടായിരുന്നെന്നാണ് പുതിയ കണ്ടെത്തൽ. അതായത് നേരത്തെ കരുതിയതിനേക്കാൾ 100 കോടി വർഷം കൂടുതൽ ചൊവ്വയിൽ വെള്ളമുണ്ടായിരുന്നു.
നാസയുടെ മാർസ് റക്കണൈസൻസ് ഓർബിറ്റർ ഉപഗ്രഹം ശേഖരിച്ച 15 വർഷത്തെ വിവരങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ ഈയൊരു നിഗമനത്തിലെത്തിയത്. മഞ്ഞുരുകിയ ജലം ആവിയായി പോയ സ്ഥലങ്ങളിലെ ക്ലോറൈഡ് സാള്‍ട്ടിന്‍റെ സാന്നിധ്യമാണ് ഇവർ വിശകലനം ചെയ്തത്. എ.ജി.യു അഡ്വാൻസസ് എന്ന ശാസ്ത്ര ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.