‘ചൊവ്വ’ മനുഷ്യർ ഭൂമിയിലേക്ക് തിരിച്ചുവരുന്നു
text_fields2035 ഓടെ മനുഷ്യനെ ചൊവ്വാഗ്രഹത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. പക്ഷേ, അത് അത്ര എളുപ്പമല്ല. നിലവിലെ നമ്മുടെ സാങ്കേതികവിദ്യ അനുസരിച്ച് ഒരാൾക്ക് ചൊവ്വയിലെത്താൻ തന്നെ ആറുമാസക്കാലത്തെ യാത്രയുണ്ട്. പിന്നെ അവിടെ അതിജീവിക്കുക എന്നതും വലിയ വെല്ലുവിളിയാണ്.
അതിനുശേഷം മടങ്ങുമ്പോഴും ആറുമാസമെടുക്കും ഭൂമിയിലെത്താൻ. ഈ വെല്ലുവിളികളത്രയും അതിജയിച്ചുവേണം ഈ ദൗത്യം വിജയിപ്പിച്ചെടുക്കാൻ. എന്നുവെച്ചാൽ, ചന്ദ്രനിൽ പോയിവരുന്നതിന്റെയൊക്കെ പതിന്മടങ്ങ് പ്രതിസന്ധികളുണ്ട് മനുഷ്യന്റെ ചൊവ്വാപര്യവേക്ഷണത്തിന്.
അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഓരോ ചുവടും വളരെ സൂക്ഷിച്ചാണ് നാസ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടി ഭൂമിയിൽ ഒരു ‘ചൊവ്വാഗ്രഹം’ സൃഷ്ടിക്കുക എന്നതായിരുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ, ചൊവ്വയെക്കുറിച്ചുള്ള പല അറിവുകളും നമുക്ക് ലഭിച്ചിട്ടുണ്ട്. ചുവന്ന ഗ്രഹത്തിലെ മണ്ണിനെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും അവിടത്തെ അഗ്നിപർവതങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഏതാണ്ട് 1700 ചതുരശ്ര അടി വിസ്തൃതിയിൽ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിനോട് ചേർന്ന് ചൊവ്വക്ക് സമാനമായ ഇടം ത്രിഡി പ്രിന്റിൽ തയാറാക്കി. അവിടേക്ക് നാസ തെരഞ്ഞെടുത്ത നാല് യാത്രികരെയും പറഞ്ഞയച്ചു; രണ്ട് പുരുഷന്മാരും രണ്ട് വനിതകളും.
ഒരു വർഷം അവിടെ ചെലവഴിച്ച യാത്രികർ അടുത്ത ദിവസം മടങ്ങുകയാണെന്ന് നാസ അറിയിച്ചു. ഇതിനിടെ, ചൊവ്വാ വാസത്തിനിടെ സംഭവിക്കാനിടയുള്ള പ്രതിസന്ധികൾ പരമാവധി മനസ്സിലാക്കി; അതിനിർണായകമായ പല പരീക്ഷണങ്ങളും അവർ അവിടെ നടത്തി.
ചൊവ്വയിൽ നിർവഹിക്കേണ്ട പല കാര്യങ്ങളുടെയും റിഹേഴ്സലും അവിടെ നടന്നു. ഉദാഹരണത്തിന് ‘മാർസ് വാക്ക്’. ചൊവ്വയുടെ ഉപരിതലത്തിൽ യാത്രികർ നടക്കേണ്ടതിന്റെ റിഹേഴ്സൽ! അതുപോലെ, ചൊവ്വയിൽ വെച്ചുപിടിപ്പിക്കാൻ കഴിയുമെന്ന് കരുതുന്ന സസ്യങ്ങൾ ഭൂമിയിലെ ‘ചൊവ്വ’യിലും നട്ടുപിടിപ്പിച്ചു. ആദ്യ ദൗത്യം വിജയകരമായിരുന്നെന്നാണ് നാസ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.