ആയിരം വർഷം പഴക്കമുള്ള 'അന്യഗ്രഹ ജീവികളുടെ' ശരീരാവശിഷ്ടം മെക്സിക്കൻ പാർലമെന്‍റിൽ പ്രദർശിപ്പിച്ച് തെളിവെടുപ്പ് -VIDEO
text_fieldsമെക്സിക്കോ സിറ്റി: അന്യഗ്രഹ ജീവികളുടേതെന്നവകാശപ്പെടുന്ന ശരീരാവശിഷ്ടങ്ങൾ മെക്സിക്കൻ പാർലമെന്‍റ് സമിതിക്ക് മുമ്പാകെ പ്രദർശിപ്പിച്ചു. ജേർണലിസ്റ്റും യു.എഫ്.ഒ (പറക്കുംതളിക) ഗവേഷകനുമായ ജെയിം മൗസാനാണ് 'പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ല' എന്ന വാദമുയർത്തിക്കൊണ്ട് പാർലമെന്‍റിന് മുമ്പാകെ തന്‍റെ കൈയിലുള്ള 'തെളിവുകൾ' അവതരിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അന്യഗ്രഹ ജീവികളുടേത് എന്നവകാശപ്പെട്ടുകൊണ്ട് രണ്ട് ശരീരാവശിഷ്ടങ്ങളാണ് ജെയിം മൗസാൻ പ്രദർശിപ്പിച്ചത്. നീണ്ട തലയും കൈകളിൽ മൂന്ന് വിരലുമുള്ളവയായിരുന്നു ഇത്. 2017ൽ പെറുവിൽ നിന്നാണ് ഇവ ലഭിച്ചതെന്നും മെക്സിക്കോ നാഷണൽ ഓട്ടോണോമസ് യൂണിവേഴ്സിറ്റിയിൽ നടത്തിയ കാർബൺ ഡേറ്റിങ് പരിശോധനയിൽ ആയിരം വർഷത്തിലേറെ പഴക്കമുള്ളതായി തെളിഞ്ഞെന്നും അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യ തെളിവാണ് താൻ അവതരിപ്പിച്ചതെന്നും സമാനരീതിയിൽ മുമ്പ് അവതരിപ്പിച്ച പലതും മുൻകാലത്ത് മരിച്ച കുഞ്ഞുങ്ങളുടെ 'മമ്മി'രൂപമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമിയിലെ ഒരു സ്പീഷിസുമായും ബന്ധമില്ലാത്തതാണ് ഈ മൃതദേഹാവശിഷ്ടങ്ങളെന്നും ഏത് ശാസ്ത്ര സ്ഥാപനത്തിനും കൂടുതൽ പരിശോധനകൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹാവശിഷ്ടത്തിൽ എക്സ്-റേ, ത്രീഡി റീകൺസ്ട്രക്ഷൻ, ഡി.എൻ.എ പരിശോധന തുടങ്ങിയവ നടത്തിയതായി മെക്സിക്കൻ നാവികസേനയുടെ സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഡയറക്ടർ ജോസ് ഡി ജീസസ് സാൽസെ ബെനിറ്റസ് പാർലമെന്‍റ് സമിതിയോട് പറഞ്ഞു. ഈ ശരീരങ്ങൾക്ക് മനുഷ്യരുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
പറക്കുംതളികകളെ കുറിച്ച് നേരത്തെ യു.എസ് കോൺഗ്രസ് നടത്തിയ തെളിവെടുപ്പിൽ പങ്കെടുത്ത മുൻ യു.എസ് നാവികസേന പൈലറ്റ് റയാൻ ഗ്രേവ്സും മെക്സിക്കൻ പാർലമെന്‍റിലെ തെളിവെടുപ്പിൽ പങ്കെടുത്തു. പറക്കുംതളികകൾ കണ്ട തന്‍റെ അനുഭവങ്ങളും എന്നാൽ ഇത് റിപ്പോർട്ട് ചെയ്യുന്നതിലെ പ്രശ്നങ്ങളും വിലക്കുകളും അദ്ദേഹം പങ്കുവെച്ചു.
പറക്കുംതളികകളെ (യു.എഫ്.ഒ) കുറിച്ചും തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങളെ (യു.എ.പി) കുറിച്ചും കഴിഞ്ഞ മാസം യു.എസ് കോൺഗ്രസും തെളിവെടുപ്പ് നടത്തിയിരുന്നു. പറക്കുംതളികകളെ കുറിച്ച് യു.എസ് സൈന്യം പതിറ്റാണ്ടുകളായി നടത്തുന്ന പഠനം ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണെന്ന് മുൻ സൈനിക ഉദ്യോഗസ്ഥൻ ഡേവിഡ് ഗ്രഷ് തെളിവെടുപ്പിൽ ആരോപിച്ചിരുന്നു. പറക്കുംതളികയുടെ അവശിഷ്ടങ്ങൾ യു.എസിന് ലഭിച്ചിട്ടുണ്ടെന്നും ഇതിൽ നിന്നും മനുഷ്യന്‍റേതല്ലാത്ത ജൈവാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.