ന്യൂറാലിങ്കിന്റെ 'ചിപ്പ്' തലച്ചോറിൽ ഘടിപ്പിച്ച കുരങ്ങൻ ചെയ്തത്; വിഡിയോയുമായി ഇലോൺ മസ്ക്
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അല്ലെങ്കിൽ നിർമ്മിത ബുദ്ധി സർവ മേഖലയിലും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യർ വികസിപ്പിക്കുന്ന റോബോട്ടുകൾ ഭാവിയിൽ മനുഷ്യരെ തന്നെ എല്ലാ കാര്യത്തിലും നിഷ്പ്രഭരാക്കിയേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാൽ, ലോകകോടീശ്വരനും ടെസ്‍ല തലവനുമായ ഇലോൺ മസ്ക് വരാനിരിക്കുന്ന എ.ഐ യുഗത്തിലേക്ക് മനുഷ്യരെ പ്രാപ്തരാക്കാനുള്ള തയ്യാറെടുപ്പിലാണ്. നിർമിത ബുദ്ധിയുടെ ലോകത്ത് മനുഷ്യർ സാധാരണക്കാരായാൽ പോരെന്നാണ് മസ്കിന്റെ പക്ഷം. കംപ്യൂട്ടറിനും എ.ഐക്കുമുള്ള അസാധാരണമായ ശേഷി റോബോട്ടുകളെന്ന പോലെ മനുഷ്യർക്കും ഉപയോഗപ്പെടുത്താനായി ഒരുങ്ങുകയാണ് ന്യൂറാലിങ്ക് എന്ന പദ്ധതിയിലൂടെ അദ്ദേഹം. അതിന്റെ ഭാഗമായി വർഷങ്ങളായി മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന്റെ പരീക്ഷണങ്ങളിലായിരുന്നു അദ്ദേഹവും സംഘവും.
അതിനിടെ ന്യൂറാലിങ്ക് നിർമിച്ച ബ്രെയിൻ ചിപ്പ് തലച്ചോറിൽ ഘടിപ്പിച്ച ഒരു കുരങ്ങൻ വെർച്വൽ കീബോർഡ് ഉപയോഗിച്ച് ടെലിപതിക് ടൈപ്പിങ് നടത്തുന്ന വീഡിയോ ഇലോൺ മസ്‌ക് പങ്കുവെച്ചിരിക്കുകയാണ്. "അവൻ യഥാർത്ഥത്തിൽ കീബോർഡ് ഉപയോഗിക്കുന്നില്ല, ഹൈലൈറ്റ് ചെയ്ത കീയിലേക്ക് മനസ്സുകൊണ്ട് കഴ്‌സർ നീക്കുകയാണ്. ഈ പ്രവർത്തി ചെയ്യാനായി അവനെ കസേരയിലോ മറ്റോ ബന്ധിച്ചിട്ടുമില്ല, കുരങ്ങുകൾ യഥാർത്ഥത്തിൽ ഇത്തരം പരീക്ഷണങ്ങൾ ചെയ്യുന്നത് ആസ്വദിക്കുന്നുണ്ട്," -മസ്‌ക് പറഞ്ഞു.
2020 ല്‍ പന്നികളില്‍ ന്യൂറാലിങ്ക് ഉപകരണം സ്ഥാപിച്ച് ഇലോണ്‍ മസ്‌ക് പ്രദര്‍ശനം നടത്തിയിരുന്നു. എലികളിലും ഈ സാങ്കേതിക വിദ്യ ഫലപ്രദമായി പരീക്ഷിച്ചതായി നേരത്തെ ന്യൂറാലിങ്ക് അവകാശപ്പെട്ടിരുന്നു.
അതേസമയം, ന്യൂറലിങ്ക് വികസിപ്പിച്ച വയർലെസ് ഉപകരണം ആറ് മാസത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇലോൺ മസ്ക്. അതുമായി ബന്ധപ്പെട്ടുള്ള അനുമതിക്കായുള്ള എല്ലാ പേപ്പർ വർക്കുകളും അമേരിക്കൻ ഫുഡ് അൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ) സമർപ്പിച്ചുകഴിഞ്ഞു. അനുമതി കിട്ടുകയാണെങ്കിൽ 2023 ന്റെ പകുതിയോടെ ന്യൂറാലിങ്കിന്റെ ചിപ്പുകളും ഇലക്ട്രോഡുകളും മനുഷ്യരുടെ തലച്ചോറിൽ ഘടിപ്പിച്ച് പരീക്ഷണം തുടങ്ങുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്.
ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്കിനെതിരെ യുഎസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്തുവന്നിരുന്നു. ന്യൂറാലിങ്കിന്റെയും കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകർക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അവർ ഉന്നയിച്ചത്. മസ്തിഷ്ക ഇംപ്ലാന്റുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകർ കുരങ്ങുകളെ ദുരിതമനുഭവിപ്പിക്കുന്നതായി സംഘടന ആരോപിച്ചു. പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന 'കുരങ്ങുകളെ ഒറ്റയ്ക്ക് കൂട്ടിലടച്ചിരിക്കുകയാണ്. തലയോട്ടിയിൽ സ്റ്റീൽ പോസ്റ്റുകളും മറ്റും കുത്തിക്കയറ്റിയതിനാൽ അവ ഫേഷ്യൽ ട്രോമയടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും' അവർ വെളിപ്പെടുത്തി. കമ്പനിയുടെ അപര്യാപ്തമായ മൃഗസംരക്ഷണ നടപടികളും കഠിനമായ പരീക്ഷണ രീതികളും വെളിപ്പെടുത്തുന്ന രേഖകൾ തങ്ങൾക്ക് ലഭിച്ചതായും അവർ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.