ചൊവ്വയിൽ നിന്നൊരു സന്തോഷ വാർത്ത; ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററുമായുള്ള ബന്ധം പെഴ്സിവിയറൻസ് പുന:സ്ഥാപിച്ചു
text_fieldsനാസയുടെ ചൊവ്വാ പര്യവേഷണത്തിന്‍റെ ഭാഗമായി പറത്തിയ ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററുമായുള്ള ബന്ധം പെഴ്സിവിയറൻസ് പേടകം പുന:സ്ഥാപിച്ചു. പെഴ്സിവിയറൻസ് പേടകത്തിന് ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററുമായി ആശയവിനിമയം നഷ്ടമായെന്ന് രണ്ട് ദിവസം മുമ്പ് നാസ അറിയിച്ചിരുന്നു.
അമേരിക്കയുടെ ചൊവ്വ ദൗത്യമായ പെഴ്സിവിയറൻസിന്റെ ഭാഗമായ ചെറു ഹെലികോപ്ടറാണ് ഇൻജെന്യൂയിറ്റി. 72ാമത് പറക്കലിനിടെ ജനുവരി 18ന് ഇൻജെന്യൂയിറ്റിയിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായെന്നായിരുന്നു നാസ അറിയിച്ചത്. ഇൻജെന്യൂയിറ്റിയുമായുള്ള ബന്ധം പുന:സ്ഥാപിക്കാൻ ശ്രമം തുടരുകയായിരുന്നു.
ചൊവ്വയെ വാസയോഗ്യമാക്കാൻ എത്രത്തോളം സാധ്യതയുണ്ട് എന്ന അന്വേഷണത്തിനായാണ് 2020 ജൂലൈ 30ന് പെഴ്സിവിയറൻസ് റോവറിനെ നാസ വിക്ഷേപിച്ചത്. 2021 ഫെബ്രുവരി 18ന് വിജയകരമായി ചൊവ്വയിലെ ജസേറോ ഗർത്തത്തിൽ ഇറങ്ങുകയും ചെയ്തു.
2021 ഏപ്രിൽ 21നാണ് ഇൻജെന്യൂയിറ്റി ചൊവ്വയിൽ ആദ്യ പറക്കൽ വിജയകരമായി നടത്തിയത്. ചൊവ്വയിലെ മൈനസ് 130 ഡിഗ്രി തണുപ്പിൽ സോളാർ പാനൽ വഴി ബാറ്ററി ചാർജ് ചെയ്താണ് കോപ്ടർ സ്വയം പ്രവർത്തിക്കുന്നത്.
ചൊവ്വയിൽ ജീവന്‍റെ അടയാളങ്ങൾ തേടൽ, സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിക്കൽ, മനുഷ്യവാസത്തിനുള്ള തയ്യാറെടുപ്പുകളുടെ പരീക്ഷണം എന്നീ ദൗത്യങ്ങൾ പെഴ്സിവിയറൻസിനുണ്ട്. സ്വന്തം സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.