ഉറങ്ങിയെഴുന്നേറ്റ ക്യൂരിയോസിറ്റി ഭൂമിയിലേക്കയച്ചു, ചൊവ്വയുടെ ഉദയാസ്തമയങ്ങൾ ഒറ്റ ഫ്രെയിമിൽ
text_fieldsചൊവ്വാ പര്യവേക്ഷണം നടത്തുന്ന നാസയുടെ ക്യൂരിയോസിറ്റി റോവർ നാലുനാൾ നീണ്ട ചെറിയൊരു 'മയക്കം' നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്ന് മുതൽ ഏഴ് വരെയായിരുന്നു സോഫ്റ്റ്‍വെയർ അപ്ഡേഷനു വേണ്ടിയുള്ള ഈ മയക്കം. 3968 ദിവസമായി ചൊവ്വയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ക്യൂരിയോസിറ്റി ഈ മയക്കത്തിനിടെ 180ഓളം അപ്ഡേഷനുകൾക്കാണ് വിധേയമായത്.
ചൊവ്വയുടെ അന്തരീക്ഷത്തിന്‍റെ സൂക്ഷ്മചിത്രങ്ങൾ എടുക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമുള്ള അപ്ഡേഷനായിരുന്നു ഇതിൽ പ്രധാനപ്പെട്ട ഒന്ന്. അപ്ഡേഷന് ശേഷം മയക്കംവിട്ട് വീണ്ടും 'ജോലി'യിലേക്ക് പ്രവേശിച്ച് ക്യൂരിയോസിറ്റി ഏപ്രിൽ എട്ടിന് പകർത്തി അയച്ച ചൊവ്വയുടെ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രാവിലെയും വൈകുന്നേരവുമായെടുത്ത രണ്ട് ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ഉദയാസ്തമയ ഭംഗി ഒറ്റ ചിത്രത്തിലാക്കി ഭൂമിയിലേക്കയച്ചത്. ചൊവ്വയിലെ കല്ലുകൾ നിറഞ്ഞ ഉപരിതലവും കുന്നുകളും താഴ്വരകളും ചിത്രത്തിൽ കാണാം. മാർക്കർ ബാൻഡ് താഴ്വര എന്ന മേഖലയിൽ നിന്നുള്ളതാണ് ചിത്രം. പൂർവകാലത്ത് തടാകം സ്ഥിതിചെയ്തിരുന്നുവെന്ന് ക്യൂരിയോസിറ്റി ഗവേഷണത്തിലൂടെ കണ്ടെത്തിയ മേഖലയാണ് മാർക്കർ വാലി താഴ്വര.
മനുഷ്യന്‍റെ അന്യഗ്രഹ പര്യവേഷണ ദൗത്യങ്ങളിലെ നാഴികക്കല്ലായാണ് ക്യൂരിയോസിറ്റി ദൗത്യത്തെ ശാസ്ത്രലോകം കാണുന്നത്. 2011 നവംബർ 26-ന് ഫ്ലോറിഡയിലെ കേപ് കനവറിൽനിന്നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.