ഒട്ടിയ കവിൾ, ഭാരക്കുറവ് തോന്നിക്കുന്ന ശരീരം; സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക
text_fieldsവാഷിങ്ടൺ ഡി.സി: അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക. പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സുനിതയുടെ ആരോഗ്യത്തിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചത്. ചിത്രങ്ങളിൽ സുനിതയെ വളരെ ക്ഷീണിതയായാണ് കാണപ്പെടുന്നതെന്നും ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇനിയും മാസങ്ങൾ ബഹിരാകാശ നിലയത്തിൽ ചിലവഴിച്ച ശേഷമേ സുനിതക്ക് ഭൂമിയിലേക്ക് തിരികെ വരാനാകൂ. ഈ സാഹചര്യത്തിൽ സുനിതയുടെ ആരോഗ്യകാര്യത്തിൽ ആശങ്കയുയരുകയാണ്.
എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബാരി വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഇവർക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.
പുതിയ ചിത്രങ്ങളിൽ സുനിതയെ ക്ഷീണിതയായും ഭാരക്കുറവുള്ളയാളായുമാണ് കാണുന്നതെന്ന് സിയാറ്റിലിലെ ഡോക്ടറായ വിനയ് ഗുപ്ത പറയുന്നു. മർദമുള്ള കാബിനുള്ളിൽ മാസങ്ങളായി തുടർച്ചയായി കഴിയേണ്ടിവരുന്നയാൾക്ക് സംഭവിക്കാവുന്ന മാറ്റങ്ങൾ സുനിതയിൽ കാണാനാകും. കവിളുകൾ പതിവിലും കുഴിഞ്ഞിട്ടുണ്ട്. മൊത്തത്തിലുള്ള ശരീരഭാരം കുറയുന്നവരിലാണ് ഇങ്ങനെ കാണുക. ഉടൻ ഒരു അപകട സാധ്യത കാണുന്നില്ലെങ്കിലും നിലവിലെ സാഹചര്യം ദീർഘമായി തുടരുന്നത് ആശങ്കക്കിടയാക്കുമെന്ന് ഡോക്ടർ പറയുന്നു. സുനിതയുടെ ചിത്രം പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്.
അടുത്തിടെ ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്തിയ നാല് സഞ്ചാരികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അമേരിക്കക്കാരായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരറ്റ്, ജാനറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർ ഗ്രിബൻകിൻ എന്നിവരാണ് ഏഴുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഒക്ടോബർ 25ന് തിരിച്ചെത്തിയത്. ഇവരിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സുനിത വില്യംസും ബുച്ച് വിൽമോറും 2025 ഫെബ്രുവരി വരെ ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവരും. ഫെബ്രുവരിയിൽ സ്പേസ് എക്സിന്‍റെ ക്രൂ-9 പേടകത്തിലായിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങുക. ഇക്കാര്യത്തിൽ നാസ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളാണ് ബോയിങ്ങും സ്പേസ് എക്സും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.