ഭൂമിയെ തൊട്ടുരുമ്മി നാളെയൊരാൾ കടന്നുപോകും; മണിക്കൂറിൽ 47,196 കിലോമീറ്റർ വേഗത്തിൽ
text_fieldsസമീപഭാവിയിലോ വരാനിരിക്കുന്ന നൂറ്റാണ്ടുകളിലോ അതിന്നപ്പുറമോ ഛിന്നഗ്രഹങ്ങൾ പോലെ ഏതെങ്കിലും ബഹിരാകാശ വസ്തു നമ്മുടെ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. എന്നാൽ, ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹങ്ങൾ ഏറെയുണ്ട്. ഭൂമിക്ക് വലിയ ഭീഷണിയൊന്നും സൃഷ്ടിക്കില്ലെങ്കിലും ഭൂമിയോടടുത്തുവരുന്ന ബഹിരാകാശ വസ്തുക്കളെ (നിയർ എർത്ത് ഒബ്ജക്ട്സ്) സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞർ. അങ്ങനെ കടന്നുപോകുന്നവയുടെ പട്ടികയിൽ ഏറ്റവുമൊടുവിലായി ഒരു ഛിന്നഗ്രഹം മേയ് 27ന് ഭൂമിയെ കടന്നുപോകും.
ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ ബഹിരാകാശ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ശാസ്ത്രലോകം 1989 JA എന്ന് പേരിട്ടിരിക്കുന്ന, 1.8 കിലോമീറ്റർ വീതിയുള്ള ഛിന്നഗ്രഹമാണ് നാളെ ഭൂമിക്കരികിലേക്ക് എത്തുന്നത്. മണിക്കൂറിൽ 47,196 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം കടന്നുപോവുക.
ഒരു പ്രശ്നവും ഉണ്ടാക്കാതെ ഭൂമിക്കരികിലൂടെ കടന്നുപോകുമെങ്കിലും നാസ അപകടസാധ്യതയുള്ളതായി തരംതിരിച്ച പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ ഛിന്നഗ്രഹം. 1989ൽ പലോമർ ഒബ്സർവേറ്ററിയിൽ നിന്നാണ് ഇതിനെ കണ്ടെത്തിയത്. തുടർന്നാണ് 1989 JA എന്ന് പേരിട്ടതും. ഇതിനെ ഭൂമിക്കടുത്ത് വരുമ്പോൾ ബൈനോക്കുലർ ഉപയോഗിച്ച് കാണാൻ കഴിയും. ഇന്ത്യൻ സമയം ഏതാണ്ട് വൈകീട്ട് 7.56ഓടെ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂമിക്കടുത്ത് എന്ന് പറയുമ്പോൾ ഏറെ അടുത്തുകൂടിയൊന്നുമല്ല ഇതിന്‍റെ സഞ്ചാരം. ഭൂമിക്ക് 40,24,182 കിലോമീറ്റർ അകലെ കൂടിയാണ് ഇതിന്‍റെ സഞ്ചാരപാത. പ്രകാശവർഷങ്ങൾ കണക്കാക്കി ദൂരം നിശ്ചയിക്കുന്ന ബഹിരാകാശ ലോകത്ത് 40 ലക്ഷം കിലോമീറ്റർ അടുത്ത ദൂരമായി കണക്കാക്കുന്നുവെന്ന് മാത്രം.
1996ലാണ് മുമ്പ് ഇത് ഭൂമിക്കടുത്തുകൂടി കടന്നുപോയത്. അന്ന് ഭൂമിയുടെ നാല് ദശലക്ഷം കിലോമീറ്റർ അകലെക്കൂടിയായിരുന്നു ഇതിന്റെ സഞ്ചാരം. മേയ് 27ലെ ഈ കൂടിക്കാഴ്ചക്ക് ശേഷം ഇനി 2029 സെപ്റ്റംബറിലായിരിക്കും 1989 JA ഭൂമിക്ക് അടുത്തേക്ക് വരിക. 2055ലും 2062ലും ഇതുപോലെ സമാഗമമുണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
റോമിലെ വിർച്വൽ ടെലസ്കോപ് പ്രൊജക്ട് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരം ലൈവ് ടെലികാസ്റ്റ് നടത്തുന്നുണ്ട്. https://www.youtube.com/watch?v=ASyzAukqcEc എന്ന ലിങ്ക് വഴി ഇത് കാണാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.