മനുഷ്യ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണത്തിന് മസ്കിന് അനുമതി നൽകി എഫ്‌ഡിഎ
text_fieldsഅങ്ങനെ ടെസ്‍ല തലവനും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ ബ്രെയിൻ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്കിന് അവർ പ്രതീക്ഷയോടെ കാത്തിരുന്ന അനുമതി ലഭിച്ചു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) ന്യൂറലിങ്കിന് അവർ വികസിപ്പിച്ച ബ്രെയിൻ ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതി നൽകി. റെഗുലേറ്ററി ക്ലിയറൻസ് നേടുന്നതിൽ ഏറെ വെല്ലുവിളികൾ നേരിട്ട ന്യൂറലിങ്കിന് എഫ്‌ഡിഎയുടെ മനംമാറ്റം ഒരു നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്.
പക്ഷാഘാതം, അന്ധത തുടങ്ങിയ ഗുരുതരമായ അവസ്ഥകളെ അഭിമുഖീകരിക്കാൻ കഴിവുള്ള ന്യൂറലിങ്കിന്റെ ബ്രെയിൻ ഇംപ്ലാന്റിന്റെ മനുഷ്യരിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി 2019 മുതൽ മസ്‌ക് ശ്രമങ്ങളാരംഭിച്ചിരിക്കുന്നു. തലച്ചോറിൽ ചിപ്പ് സ്ഥാപിച്ചാൽ, കാഴ്ചയില്ലാത്തവർക്ക് കാഴ്ച ലഭിക്കുമെന്നും വികലാംഗരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും പ്രാപ്തമാക്കുമെന്നുമൊക്കെയാണ് അവകാശവാദം. അതേസമയം, 2016-ൽ സ്ഥാപിതമായ കമ്പനി 2022 ന്റെ തുടക്കത്തിൽ മാത്രമാണ് എഫ്‌ഡിഎ-യുടെ അനുമതി ലഭിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടങ്ങിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കുരങ്ങൻമാരിൽ ന്യൂറലിങ്ക് തങ്ങളുടെ മസ്തിഷ്ക ഇംപ്ലാന്റ് പരീക്ഷിച്ചിരുന്നു. അത് വിജയച്ചിതായി അവകാശപ്പെട്ട കമ്പനി അതിന്റെ ദൃശ്യങ്ങളും പുറത്തുവിടുകയുണ്ടായി. എന്നാൽ, മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി നൽകാനാവില്ലെന്നായിരുന്നു അന്ന് എഫ്‌ഡിഎ പറഞ്ഞത്.
മനുഷ്യ പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് പരിഹരിക്കേണ്ട നിരവധി ആശങ്കകൾ എഫ്‌ഡിഎ ഉന്നയിച്ചിരുന്നു. ഇംപ്ലാന്റിന്റെ ലിഥിയം ബാറ്ററി, തലച്ചോറിനുള്ളിലെ വയറുകളുടെ മൈഗ്രേഷൻ, മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ഉപകരണം സുരക്ഷിതമായി വേർതിരിച്ചെടുക്കൽ എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു ആശങ്കകൾ.
ന്യൂറലിങ്കിലെ മൃഗങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പാനലുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ അന്വേഷിക്കാൻ യുഎസ് നിയമനിർമ്മാതാക്കൾ റെഗുലേറ്റർമാരോട് സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് എഫ്‌ഡിഎ മനുഷ്യരിൽ പരീക്ഷിക്കാനുള്ള അംഗീകാരം നൽകുന്നത്.
അതിനിടെ സ്വിറ്റ്സർലൻഡിലെ ഒരുകൂട്ടം ന്യൂറോ ശാസ്ത്രജ്ഞരും ന്യൂറോ സർജന്മാരും വികസിപ്പിച്ച ഇലക്ട്രോണിക് ബ്രെയിൻ ഇംപ്ലാന്റ് വിജയകരമായി പരീക്ഷിച്ചു. 12 വർഷം മുമ്പ് സൈക്ലിങ് അപകടത്തിൽ പെട്ട് നട്ടെല്ലിന് പരിക്കേറ്റ് തളർന്നുപോയ 40 കാരനായ ഗെർട്ട്-ജാൻ ഓസ്കാം ബ്രെയിൻ ഇംപ്ലാന്റുകളുടെ സഹായത്തോടെ വീണ്ടും നടന്നു.
ചിന്തയെ പ്രവർത്തനമാക്കി മാറ്റുന്ന ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങൾ തലച്ചോറിനും സുഷുമ്നാ നാഡിക്കും ഇടയിൽ ഒരു വയർലെസ് ഇന്റർഫേസ് സൃഷ്ടിച്ചതായി ഗവേഷകർ പറയുന്നു. അതായത്, ഒരു വയർലെസ് ഡിജിറ്റൽ ബ്രിഡ്ജ് ഉപയോഗിച്ച് തലച്ചോറും സുഷുമ്നാ നാഡിയും തമ്മിലുള്ള ആശയവിനിമയം അവർ പുനഃസ്ഥാപിക്കുകയായിരുന്നു. ഇത് തളർവാതം ബാധിച്ച വ്യക്തിയെ സ്വാഭാവികമായി വീണ്ടും നടക്കാൻ അനുവദിക്കുന്നു. അതേസമയം, നിലവിൽ ഇംപ്ലാന്റ് ഒരു വ്യക്തിയിൽ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.