'ന്യൂറലിങ്കിന്റെ ചിപ്പ് ഇലോൺ മസ്കിന്റെ തലച്ചോറിൽ ഘടിപ്പിക്കുമോ'..? വെളിപ്പെടുത്തലുമായി ലോകകോടീശ്വരൻ
text_fieldsഇലോൺ മസ്കിന്റെ ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറലിങ്ക് മനുഷ്യമസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണത്തിനൊരുങ്ങുകയാണ്. 2023ന്റെ പകുതിയോടെ മനുഷ്യരിൽ പരീക്ഷിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അതിനുള്ള അനുമതിക്കായി ന്യൂറലിങ്ക്, അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ സമീപിച്ചിരുന്നു. എഫ്.ഡി.എയുടെ നപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്.
തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിക്കാവുന്ന ഒരു ഉപകരണമാണ് ന്യൂറലിങ്ക് വികസിപ്പിക്കുന്നത്. രോഗിയുടെ തലയോട്ടിയിലൂടെ തലച്ചോറിലേക്ക് ത്രെഡ് ചെയ്യപ്പെടുന്ന മൈക്രോചിപ്പും വയറുകളും ഈ ഉപകരണത്തിൽ അടങ്ങിയിരിക്കുന്നു. ഈ ഉപകരണം കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് അതിലൂടെ മസ്തിഷ്കത്തെയും അതിന്റെ ചലനങ്ങളെയും സ്വാധീനിക്കാൻ കഴിയുമെന്നാണ് ന്യൂറലിങ്കിന്റെ അവകാശവാദം. അതിലൂടെ കാഴ്ച ശേഷി നഷ്ടപ്പെട്ടവർക്ക് കാഴ്ച നൽകാനും ശരീരം തളർന്നുപോയവർക്ക് ചലനശേഷി നൽകാനും കഴിയുമെന്നും കമ്പനി പറയുന്നു.
'ഒന്ന് എന്റെ തലച്ചോറിലും'
കുരങ്ങുകളിലും പന്നികളിലും എലികളിലും ബ്രെയിൻ ചിപ്പ് പരീക്ഷിച്ച് വിജയിച്ചതായി ന്യൂറലിങ്കും സി.ഇ.ഒ ഇലോൺ മസ്കും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പരീക്ഷണത്തിന്റെ പേരിൽ മൃഗങ്ങളെ ഉപദ്രവിക്കുന്നതായി കാട്ടി മൃഗസ്നേഹികൾ രംഗത്തുവരികയുണ്ടായി. മനുഷ്യ മസ്തിഷ്കത്തിലുള്ള പരീക്ഷണങ്ങൾക്കെതിരെയും പലകോണുകളിൽ നിന്നും വിമർശനമുയർന്നു. തലയോട്ടി തുരന്നുള്ള ന്യൂറലിങ്കിന്റെ ചിപ്പ് ഘടിപ്പിക്കലിലുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലരുമെത്തിയത്.
എന്നാൽ, ഇലോൺ മസ്കും സംഘവും പരീക്ഷണങ്ങൾ തുടർന്നു. കൂടാതെ, 'താനും ബ്രെയിൻ ചിപ്പ് ഇംപ്ലാന്റ് ഘടിപ്പിക്കുമെന്ന്' ഇലോൺ മസ്ക് അറിയിക്കുകയും ചെയ്തു. "നിങ്ങൾക്ക് ഇപ്പോൾ വേണമെങ്കിൽ ഒരു ന്യൂറലിങ്ക് ഉപകരണം നിങ്ങളുടെ തലച്ചോറിൽ ഘടിപ്പിക്കാം, അത് നിങ്ങൾ അറിയുകപോലുമില്ല... അതെങ്ങനെ ചെയ്യുമെന്ന് കാണിക്കുന്ന ഡെമോയിൽ ഞാനും ഒന്ന് ഘടിപ്പിച്ചിരിക്കും." -ന്യൂറലിങ്കിന്റെ റിക്രൂട്ട്‌മെന്റ് ഇവന്റിനിടെ, മസ്‌ക് പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് കമ്പനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.