‘കോറൽ ബ്ലീച്ചിങ്’; ഗ്രേറ്റ് ബാരിയർ റീഫിന് വീണ്ടും ഭീഷണി
text_fieldsസമുദ്രത്തിലെ ജൈവവൈവിധ്യത്തിന്റെ പ്രതീകവും വിസ്മയവുമായ ഗ്രേറ്റ് ബാരിയര്‍ റീഫിന് വീണ്ടും കോറൽ ബ്ലീച്ചിങ് വെല്ലുവിളിയുയര്‍ത്തുന്നതായി റിപ്പോർട്ട്. പവിഴപ്പുറ്റുകളിലെ ആല്‍ഗകള്‍ പുറന്തള്ളപ്പെടുകയും അതുവഴി നിറം നഷ്ടമായി വെള്ളനിറമാവുകയും ചെയ്യുന്ന പ്രതിഭാസമാണ് കോറല്‍ ബ്ലീച്ചിങ്.
ഇത്തവണ അനുഭവപ്പെട്ട കനത്ത ചൂടാണ് ഗ്രേറ്റ് ബാരിയര്‍ റീഫിന് ഭീഷണിയായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്ക് അതോറിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഏരിയല്‍ സര്‍വേയിലൂടെയാണ് കോറല്‍ ബ്ലീച്ചിങ് കണ്ടെത്തിയത്.
ലോകത്തെല്ലായിടത്തും പവിഴപ്പുറ്റുകളെ കോറല്‍ ബ്ലീച്ചിങ് പ്രതിഭാസം ബാധിക്കുന്നുണ്ടെന്ന കണ്ടെത്തൽ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. കാലാവസ്ഥാ മാറ്റമാണ് ഇതിന് പ്രധാന കാരണം.
ആസ്ട്രേലിയയുടെ ദേശീയ സ്വത്തായ ഗ്രേറ്റ് ബാരിയർ റീഫ് ലോകത്താകമാനമുള്ള സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ആസ്ട്രേലിയയുടെ സമ്പദ്വ്യവസ്ഥയിലേക്ക് വർഷത്തിൽ കോടിക്കണക്കിന് ഡോളറാണ് റീഫ് സംഭാവനചെയ്യുന്നത്. ‘ഗ്രേറ്റ് ബാരിയർ റീഫിെൻറ’ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി കോടികളാണ് രാജ്യം വർഷാവർഷം നീക്കിവെക്കുന്നത്. ജലത്തിന്റെ ഗുണമേന്മ വർധിപ്പിക്കാനും പവിഴപ്പുറ്റുകളെ നശിപ്പിക്കുന്ന ജീവികളെ നിയന്ത്രിക്കാനും പുനരുദ്ധാരണ പ്രവൃത്തികൾ വ്യാപിപ്പിക്കാനുമാണ് തുക വിനിയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.