1.75 ലക്ഷം പശുക്കളെ കൊന്നൊടുക്കി; മൈകോപ്ലാസ്മ ബോവിസിൽനിന്ന് മുക്തിനേടി ന്യൂസിലൻഡ്
text_fieldsകഴിഞ്ഞ നാല് വർഷമായി ന്യൂസിലൻഡിലെ ലക്ഷക്കണക്കിന് പശുക്കളെ ഇല്ലാതാക്കിയ മൈകോപ്ലാസ്മ ബോവിസ് എന്ന ബാക്ടീരിയ രോഗത്തോട് വിടപറഞ്ഞ് രാജ്യം. നാല് വർഷത്തിനിടെ ദശലക്ഷ കണക്കിന് ഡോളറുകൾ ചിലവഴിച്ച് രാജ്യത്തുടനീളം കാമ്പയിനുകൾ സംഘടിപ്പിച്ചും 1,75,000-ലധികം പശുക്കളെ കൊന്നുമാണ് അണുബാധയിൽനിന്ന് രാജ്യം മുക്തി നേടുന്നത്.
ഇതിനകം 271 ഫാമുകളിൽ നിന്ന് രോഗം നീക്കം ചെയ്തിട്ടുണ്ടെന്നും അവശേഷിക്കുന്ന ഒരു ഫാം കൂടി അണുവിമുക്തമാക്കിയാൽ മൈകോപ്ലാസ്മ ബോവിസ് പൂർണ്ണമായും തുടച്ചുനീക്കാൻ കഴിഞ്ഞ ആദ്യ രാജ്യമായിരിക്കും തങ്ങളുടേതെന്നും ന്യൂസിലന്‍ഡ് കൃഷി മന്ത്രി ഡാമിയൻ ഒ കോണർ പറഞ്ഞു. കർഷകരെ സംബന്ധിച്ച് രോഗം വലിയ വെല്ലുവിളിയാണെന്നും ഫാമിലെ ഏതെങ്കിലും ഒരു പശുവിന് അണുബാധയുണ്ടായാൽ മുഴുവൻ പശുക്കളെയും ഇല്ലാതാക്കേണ്ട അവസ്ഥയാണെന്നും കോണർ കൂട്ടിച്ചേർത്തു.
2017 ജൂലൈയിലാണ് ന്യൂസിലന്‍ഡിൽ ആദ്യമായി മൈകോപ്ലാസ്മ ബോവിസ് കണ്ടെത്തിയത്. യു.എസിലും യൂറോപ്പിലും ഇതുമൂലം പശുക്കളിൽ ന്യുമോണിയയും വാതരോഗവും വ്യാപകമാകുന്നതായി കണ്ടെത്തിയിരുന്നു. ന്യൂസിലന്‍ഡിലെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണ് കാലിവളർത്തൽ. ഒരു കോടിയോളം പശുക്കൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. മൂന്നിലൊന്ന് പാലിനും ബാക്കിയുള്ളത് മാംസത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്.
കർശനമായ ബയോസെക്യൂരിറ്റി നിയന്ത്രണങ്ങളുള്ള ന്യൂസിലൻഡിൽ മൈക്കോപ്ലാസ്മ ബോവിസിന്‍റെ ഉറവിടം വ്യക്തമല്ല. രാജ്യത്ത് ഇറക്കുമതി ചെയ്ത കാളയുടെ ബീജത്തിലാണ് ആദ്യമായി അണുബാധയുണ്ടായതെന്നാണ് നിഗമനം. കാർഷിക വ്യവസായ മേഖലയിലുള്ളവരുമായുള്ള സർക്കാരിന്റെ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് നിർണായകമാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ പറഞ്ഞു.
ന്യൂസിലാൻഡിൽ 63 ലക്ഷം കറവ പശുക്കളും മാംസാവശ്യത്തിനുള്ള 40 ലക്ഷം കാലികളുമാണുള്ളത്. ജനസംഖ്യയുടെ ഇരട്ടി കന്നുകാലികൾ രാജ്യത്തുണ്ട്. പാൽ ഉൽപന്നങ്ങളുടെ കയറ്റുമതിയാണ് രാജ്യത്തെ പ്രധാന വരുമാന സ്രോതസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.