അടുത്ത ദൗത്യം ശുക്രൻ, മംഗൾയാൻ രണ്ടും ചന്ദ്രയാൻ നാലും ചർച്ചയിൽ; മനസുതുറന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ
text_fieldsബംഗളൂരു: സൗരദൗത്യത്തിന്‍റെ ഭാഗമായ ആദിത്യ എൽ1 പേടകത്തിന്‍റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യങ്ങളെ കുറിച്ച് മനസുതുറന്ന് ചെയർമാൻ എസ്. സോമനാഥ്. ശുക്രനിലേക്കുള്ള ദൗത്യത്തിന് വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ചെയർമാൻ വ്യക്തമാക്കി.
ശുക്രനിൽ ഇറങ്ങുന്നത് അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയാറാക്കുന്നുണ്ട്. വൈകാതെ ദൗത്യത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ പറഞ്ഞു.
അമേരിക്കയുടെ നാസ പങ്കാളിത്തതോടെയുള്ള നാസ–ഇസ്റോ സിന്തറ്റിക് അപ്പാർച്ചർ റഡാർ (നിസാർ) വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയിൽ നിസാർ വിക്ഷേപണം നടക്കും. ജപ്പാൻ പങ്കാളിത്തതോടെയുള്ള ലുപെക്സ് ദൗത്യത്തിന് അനുമതിയായിട്ടില്ലെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എസ്. സോമനാഥ് പറഞ്ഞു.
ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യവും ചന്ദ്രനിലേക്കുള്ള നാലാം ദൗത്യവും ചർച്ചയിലാണ്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് (മൃദു ഇറക്കം) നടത്തിയതു പോലെ ചൊവ്വയിലും ഇറങ്ങുന്നതിനുള്ള ആലോചനയുണ്ടെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വ്യക്തമാക്കി.
ഐ.എസ്.ആർ.ഒയുടെ ഒന്നാം ചൊവ്വ പര്യവേക്ഷണമായ മംഗൾയാൻ വിജയമായിരുന്നു. 2014 സെപ്റ്റംബർ 24നായിരുന്നു മംഗൾയാന്‍റെ വിക്ഷേപണം. സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.