തിരികെ യാത്രാസമയം പ്രഖ്യാപിച്ച് നാസ; നിയാദി സെപ്റ്റംബർ ഒന്നിന് ഭൂമിയിലേക്ക്
text_fieldsദുബൈ: ആറു മാസം നീണ്ട ദൗത്യം പൂർത്തിയാക്കി യു.എ.ഇയുടെ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നിയാദി സെപ്റ്റംബർ ഒന്നിന് ഭൂമിയിലേക്ക് യാത്രതിരിക്കും. സ്പേസ് എക്സ് ബഹിരാകാശപേടകത്തിലാണ് യാത്ര.
മൂന്നു സഹപ്രവർത്തകരും ഇദ്ദേഹത്തോടൊപ്പമുണ്ടാകും. വ്യാഴാഴ്ചയാണ് ഇവരുടെ ഭൂമിയിലേക്കുള്ള തിരികെയാത്രയുടെ തീയതി നാസ പ്രഖ്യാപിച്ചത്. ക്രൂ-6 ദൗത്യത്തിന്റെ ഭാഗമായിരുന്ന നാലു പേരും തങ്ങളുടെ ബാക്കിയുള്ള ചുമതലകൾ ക്രൂ-7ന് കൈമാറുമെന്ന് നാസ അറിയിച്ചു. ക്രൂ-7 ടീം അടുത്ത ആഴ്ച ബഹിരാകാശ പേടകത്തിലെത്തും. ‘എൻഡവർ’ എന്നു പേരിട്ടിരിക്കുന്ന സ്പേസ് എക്സ് ബഹിരാകാശപേടകം സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച പുറപ്പെട്ട് ഫ്ലോറിഡയിലെ തീരത്ത് ഇറങ്ങാനാണ് പദ്ധതി. എന്നാൽ, പേടകത്തിന്റെ ലാൻഡിങ് സമയം കൃത്യമായി നാസ പ്രഖ്യാപിച്ചിട്ടില്ല.
തിരികെ യാത്രക്കായി 16 മണിക്കൂർ എടുക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. മാർച്ച് മൂന്നിനാണ് നിയാദിയും കൂട്ടരും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ആറു മാസത്തെ ദൗത്യത്തിനിടെ നൂറിലധികം പരീക്ഷണങ്ങളും സാങ്കേതികമായ പ്രദർശനങ്ങളും നിയാദിയും സംഘവും നടത്തിയിരുന്നു.
ബഹിരാകാശദൗത്യത്തിനായി പോകുന്ന രണ്ടാമത്തെ അറബ് ശാസ്ത്രജ്ഞനും ബഹിരാകാശനടത്തം പൂർത്തീകരിക്കുന്ന ആദ്യ അറബ് സഞ്ചാരിയുമാണ് സുൽത്താൻ അൽ നിയാദി. ബഹിരാകാശ നടത്തത്തിലൂടെ ഏഴു മണിക്കൂർ നീളുന്ന അറ്റകുറ്റപ്പണികളാണ് അദ്ദേഹം നടത്തിയത്. ബഹിരാകാശത്തുനിന്ന് തിരികെയെത്തുന്ന നിയാദിക്ക് ഊഷ്മളമായ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലിം അൽ മർററി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.