' ഭൂമിയിലുള്ളവർക്ക് സലാം..’ ; ബഹിരാകാശത്തുനിന്ന് ആദ്യ സെൽഫി പങ്കുവെച്ച് അൽ നിയാദി
text_fieldsദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ആദ്യ സെൽഫി പങ്കുവെച്ച് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി. കഴിഞ്ഞ വെള്ളിയാഴ്ച ബഹിരാകാശ നിലയത്തിൽ ഇറങ്ങിയശേഷം ആദ്യമായാണ് അദ്ദേഹം ട്വിറ്ററിൽ ഫോട്ടോ പങ്കുവെക്കുന്നത്. ‘ബഹിരാകാശത്തുനിന്ന് ഭൂമിയിലുള്ളവർക്ക് സലാം..’ എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ട്വീറ്റ്. ജന്മനാടിനെയും ഭരണാധികാരികളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു.
സായിദിന്റെ സ്വപ്നങ്ങളെ നെഞ്ചേറ്റി ഉന്നതങ്ങളിലേക്ക് പറന്നുയരാൻ കൊതിക്കുന്ന ഓരോരുത്തർക്കും അഭിവാദ്യം. സ്വപ്നം യാഥാർഥ്യമായിരിക്കുകയാണിപ്പോൾ. നമുക്കിനി വലിയ സ്വപ്നങ്ങൾ കാണാം -ട്വീറ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്റെ പേര് പതിച്ച ടീ ഷർട്ട് ധരിച്ചാണ് സെൽഫി എടുത്തിട്ടുള്ളത്.
അൽ നിയാദി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി കഴിഞ്ഞദിവസം തത്സമയം സംസാരിച്ചിരുന്നു. നാസ’ ടി.വി തത്സമയം സംപ്രേഷണം ചെയ്ത സംഭാഷണം പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയത്തിൽ വെച്ചാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്ന് സ്പേസ് എക്സ് റോക്കറ്റിൽ പറന്നുയർന്ന അൽ നിയാദി വെള്ളിയാഴ്ചയാണ് ബഹിരാകാശ നിലയത്തിലെത്തിയത്. ഇതിനുശേഷം ആദ്യമായാണ് അദ്ദേഹം ഭൂമിയിലുള്ള ഒരാളുമായി സംസാരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.