എ.ഐ വിപ്ലവത്തിന് വഴിതുറന്ന ഗവേഷകർക്ക് ഭൗതികശാസ്ത്ര നൊബേൽ
text_fieldsസ്റ്റോക്ഹോം: നിർമിത ബുദ്ധിയുടെ അടിസ്ഥാനമൊരുക്കിയ പ്രതിഭകൾക്ക് ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം. നിർമിത ബുദ്ധിയുടെ തലതൊട്ടപ്പൻ എന്നറിയപ്പെടുന്ന യു.എസ് ശാസ്ത്രജ്ഞൻ ജോൺ ഹോപ്ഫീൽഡ് (91), ബ്രിട്ടീഷ്-കനേഡിയൻ ശാസ്ത്രജ്ഞൻ ജോഫ്രി ഹിന്റൺ (76) എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.
മെഷീൻ ലേണിങ് അഥവാ യന്ത്ര പഠനം സംബന്ധിച്ച ഗവേഷണങ്ങളാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയത്. നിർമിത ബുദ്ധിയുടെ അപകടങ്ങളെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയുന്നതിന് ഗൂഗ്ളിലെ ജോലി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഹിന്റൺ കഴിഞ്ഞ വർഷം ലോകശ്രദ്ധ നേടിയിരുന്നു.
യന്ത്ര ബുദ്ധിയുടെ കണ്ടുപിടിത്തം ശാസ്ത്രത്തെയും എൻജിനീയറിങ്ങിനെയും അനുദിന ജീവിതത്തെയും വിപ്ലവകരമായ രീതിയിൽ മാറ്റിമറിച്ചതായി റോയൽ സ്വീഡിഷ് അക്കാദമി പ്രസ്താവനയിൽ പറഞ്ഞു. 11 ലക്ഷം ഡോളർ (9.24 കോടി രൂപ) സമ്മാനത്തുക ഇരുവരും പങ്കിടും.
ബ്രിട്ടനിൽ ജനിച്ച ഹിന്റൺ കാനഡയിലെ ടൊറേന്റാ സർവകലാശാലയിൽ പ്രഫസറാണ്. നമ്മൾ കരുതുന്നതിലും വേഗത്തിൽ കമ്പ്യൂട്ടറുകൾ മനുഷ്യബുദ്ധിയെ മറികടക്കും എന്ന് തിരിച്ചറിഞ്ഞതോടെയാണ് അദ്ദേഹം ഗൂഗ്ളിലെ ജോലി വിട്ടത്. അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ പ്രഫസറാണ് ജോൺ ഹോപ്ഫീൽഡ്.
വിവരങ്ങൾ സൃഷ്ടിക്കാൻ കമ്പ്യൂട്ടറിന് സ്വയം ശേഷിയാർജിക്കുന്നതിലേക്ക് നയിക്കുന്ന മെഷീൻ ലേണിങ് നിർമിത ബുദ്ധിയുടെ അടിസ്ഥാന ഘടകമാണ്. ഇന്ന് നാം ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നതും മൊബൈൽ ഫോണിൽ ഫോട്ടോ എഡിറ്റ് ചെയ്യുന്നതും ഉൾപ്പെടെ അനുദിന ജീവിതത്തിൽ ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യയും ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്.
ന്യൂറൽ ശൃംഖലയെക്കുറിച്ചുള്ള പ്രഫ. ഹിന്റണിെന്റ ഗവേഷണങ്ങളാണ് ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ സങ്കേതങ്ങളുടെ ആവിർഭാവത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.