ഒസിരിസ് റെക്സ് ഭൂമിയിൽ തിരിച്ചെത്തി; ഛിന്നഗ്രഹത്തിൽനിന്നുള്ള കല്ലുകളുമായി
text_fieldsവാഷിങ്ടൺ: ഛിന്നഗ്രഹത്തിൽനിന്ന് നാസയുടെ ഒസിരിസ്-റെക്സ് പേടകം ഭൂമിയിൽ തിരിച്ചെത്തി. അമേരിക്കയിലെ യൂട്ടോ മരുഭൂമിയിലെ ടെസ്റ്റിങ് റേഞ്ചിലാണ് പാരച്യൂട്ട് വഴി പേടകം വീണത്. 2016ൽ വിക്ഷേപിച്ച പേടകം 2018ലാണ് ഛിന്നഗ്രഹമായ ബെന്നുവിൽ എത്തിയത്. അവിടെ നിന്നും കല്ലും മണ്ണും ശേഖരിച്ചാണ് ഇപ്പോൾ മടങ്ങിയെത്തിയിരിക്കുന്നത്.
നാസ സംഘം പേടകത്തിന്‍റെ സുരക്ഷാ വിലയിരുത്തൽ നടത്തുന്ന ദൃശ്യങ്ങളടക്കം പുറത്തുവിട്ടു. ശേഖരിച്ച വസ്തുക്കളും പദാർത്ഥങ്ങളും ഹാനികരമാവാതിരിക്കാൻ സമഗ്രമായ സാനിറ്റൈസേഷന് വിധേയമാക്കിയ ശേഷം നാസയുടെ ലബോറട്ടറിയിലേക്ക് കൊണ്ടുപോകും. ശേഖരിച്ച സാമ്പിളുകൾ ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെ സമർപ്പിത ക്യൂറേഷൻ ലബോറട്ടറിയിൽ സുരക്ഷിതമായി സൂക്ഷിക്കാനാണ് നാസ തീരുമാനിച്ചിട്ടുള്ളത്.
ഈ സാമ്പിളുകൾ സൂക്ഷിക്കുന്നത്തിനും സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കുന്നതിനും പ്രത്യേകം രൂപകൽപന ചെയ്ത ലാബും അത്യാധുനിക സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് ഇവ യഥാസമയം ലഭ്യമാക്കാനും ഭാവി തലമുറകൾക്ക് പര്യവേക്ഷണത്തിനും പഠനത്തിനുമായി ഉപയോഗപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് യു.എസ് ബഹിരാകാശ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. നമ്മുടെ ഗ്രഹവും സൗരയൂഥവും എങ്ങനെ രൂപപ്പെട്ടുവെന്നും ഭൂമിയിൽ ജീവൻ ഉണ്ടാകുന്നതിലേക്ക് നയിച്ചിരിക്കാവുന്ന ജൈവവസ്തുക്കളുടെ ഉത്ഭവത്തെക്കുറിച്ചും പഠിക്കാൻ കഴിയുമെന്ന് നാസ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.