ഉൽക്കമഴ കാണാൻ ഉറക്കമൊഴിച്ച് കാത്തിരുന്നു; ആകാശത്തെ അത്ഭുതം പലർക്കും ദൃശ്യമായില്ല
text_fieldsകോഴിക്കോട്: പ്രപഞ്ചസൗന്ദര്യത്തിന്‍റെ അപൂർവതക്ക് സാക്ഷ്യംവഹിക്കാൻ ഇന്നലെ രാത്രി ഉറങ്ങാതെ കാത്തിരുന്നത് ശാസ്ത്ര കുതുകികൾ മാത്രമായിരുന്നില്ല. ആകാശം നിറയെ ഉൽക്കകൾ പറക്കുന്ന കൗതുക നിമിഷങ്ങൾ ആസ്വദിക്കാൻ സാധാരണക്കാർ വരെ മാനത്തേക്ക് നോക്കിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച ഉൽക്കമഴ കാണാതെ ഉറങ്ങേണ്ടിവന്നു.
പെഴ്സീഡ്സ് ഉൽക്കാവർഷം ഇന്നലെ രാത്രി ഏറ്റവും നന്നായി കാണാനാകുമെന്ന ധാരണയിലായിരുന്നു ഏവരും. 13ന് പുലര്‍ച്ചെയോടെയായിരിക്കും ഉല്‍ക്കവര്‍ഷം അതിന്‍റെ പാരമ്യതയിലെത്തുകയെന്നായിരുന്നു ശാസ്ത്രലോകത്തിന്‍റെ കണക്കുകൂട്ടൽ. എന്നാൽ, മേഘാവൃതമായ ആകാശത്ത് നക്ഷത്രങ്ങൾ പോലും വ്യക്തമായി കാണാനാവാത്ത അവസ്ഥയായിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിലായി ഒറ്റക്കൊറ്റക്കുള്ള ഏതാനും ഉൽക്കകളെ മാത്രം കാണാൻ സാധിച്ചതായി പലരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ചിലർ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചിട്ടുണ്ട്.
കാത്തിരുന്ന് കാത്തിരുന്ന് കണ്ണുകഴച്ചിട്ടും ഉൽക്കമഴ എത്താത്തതിന്‍റെ നിരാശയിൽ സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോളുകളും നിറയുകയാണ്. അതേസമയം, നിരാശരാകേണ്ടെന്നും വരുംദിവസങ്ങളിലും ഉൽക്കാപതനം കാണാനാകുമെന്നുമാണ് വിദഗ്ധർ പറയുന്നത്. ആഗസ്റ്റ് 13, 14 തിയതികളിലും കൂടുതൽ ഉൽക്കകളെ കാണാനുള്ള സാധ്യതയുണ്ട്. ആഗസ്റ്റ് 24 വരെ കാണാനാകുമെന്നും പറയപ്പെടുന്നു.
26 കിലോമീറ്റർ വ്യാസമുള്ള, വാൽനക്ഷത്രമായ സ്വിഫ്റ്റ്-ടട്ട്ലിന്‍റെ പ്രയാണത്തിൽനിന്ന് ഉൽഭവിച്ച ഛിന്നഗ്രഹങ്ങളാണ് പെർസീഡ്സ് ഉൽക്കാവർഷത്തിന് കാരണമാകുന്നത്. വാല്‍ നക്ഷത്രങ്ങള്‍ ഭൂമിയെ കടന്ന് പോവുമ്പോള്‍ അവയ്‌ക്കൊപ്പം പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമം പിന്നാലെ വാല്‍ പോലെ ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും അത് കടന്ന് പോവുമ്പോള്‍ പോയ വഴിയെ അവശിഷ്ടങ്ങളും ബാക്കിയാവുന്നു. ഇവ ഭൗമാന്തരീക്ഷത്തില്‍ പതിക്കുന്നു. അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്പോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്. ഓരോ 130 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ്–ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നു പോകാറുണ്ട്.
ടെലിസ്കോപ്പിന്‍റെയോ മറ്റ് ഉപകരണങ്ങളുടേയോ സഹായം ആവശ്യമില്ലാതെ വെറും കണ്ണുകൊണ്ട് കാണാമെന്നതിനാൽ നൂറുകണക്കിനാളുകൾ ഉറങ്ങാതെ കാത്തിരുന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ട്രോളുകളും പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.