പെർസീഡ് ഉൽക്കാവർഷം ഇന്ന്; മനോഹരമായ ആകാശ കാഴ്ച കാണാം
text_fieldsറിയാദ്: ശനിയാഴ്ച രാത്രി ആകാശത്ത് ഉൽക്കാവർഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പെർസീഡ് ഉൽക്കാവർഷം ഹൃദയഹാരിയായ ദൃശ്യഭംഗിയിൽ കാണാം. സൗദി അറേബ്യയിലുൾപ്പെടെ ആകാശത്ത് ചാരുതയാർന്ന ഈ കാഴ്ച തെളിയും.
വേനൽകാലത്ത് ആകാശത്ത് ധാരാളം ഷൂട്ടിങ് സ്റ്റാർ (കൊള്ളിമീനുകൾ) പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ചന്ദ്രനിൽനിന്നുള്ള പ്രകാശം കൊണ്ട് അവ കാണാതെ പോകുകയാണ് പതിവ്. എന്നാൽ ഇത്തവണ ചന്ദ്രപ്രകാശം ആകാശ കാഴ്ചക്ക് തടസ്സമാവില്ലെന്നാണ് വാനനിരീക്ഷണ വിദഗ്ധർ പറയുന്നത്.
കോമറ്റ് സ്വിഫ്റ്റ് ടട്ടിൽ എന്നറിയപ്പെടുന്ന ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് പെർസീഡ് ഉൽക്കാവർഷം നടത്തുന്നത്. സമീപ വർഷങ്ങളിലെ ഏറ്റവും മികച്ച ഉൽക്കാവർഷമായിരിക്കും ശനിയാഴ്ച കാണാനാവുക. 10 ശതമാനം മാത്രം ചന്ദ്രന്റെ പ്രകാശമനുഭവപ്പെടുന്ന സമയത്താണ് ഉൽക്കാവർഷം നടക്കുക. 50 മുതൽ 100 വരെ കൊള്ളിമീനുകളായിരിക്കും ഒരേ സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെടുക.
പെർസീഡ് ഉൽക്കാവർഷത്തോടനുബന്ധിച്ച് ജൂലൈ പകുതിയോടെ തന്നെ ചെറിയതോതിൽ ഷൂട്ടിങ് സ്റ്റാറുകളെ ആകാശത്ത് കാണാമായിരുന്നു. ആഗസ്റ്റ് അവസാനംവരെ ഇത് ചെറിയ രീതിയിൽ തുടർന്നുകൊണ്ടിരിക്കും. എന്നിരുന്നാലും ഏറ്റവും കൂടുതൽ ഉൽക്കകൾ ഇന്നും നാളെയും (ശനി, ഞായർ) ആണ് പ്രതീക്ഷിക്കുന്നത്.
ഉൽക്കാവർഷം തുറസ്സായ സ്ഥലങ്ങളിൽ എവിടെ നിന്നും കാണാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്. രാത്രി 10ന് തന്നെ കൊള്ളിമീനുകളെ കാണാമെങ്കിലും കൂടുതൽ എണ്ണത്തെ ഒരേസമയത്ത് കാണാൻ അർധരാത്രി വരെ കാത്തിരിക്കേണ്ടി വരും. കാർമേഘങ്ങൾ കൂടി മാറിനിന്നാൽ അക്ഷരാർഥത്തിൽ പെർസീഡ് ഉൽക്കാവർഷം അതിമനോഹരമായ ആകാശ കാഴ്ചയാവും ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.