ചെടികൾ സംസാരിക്കുമെന്ന് ഇസ്രായേൽ ശാസ്ത്രജ്ഞർ; സമ്മർദം വരുമ്പോൾ കരയും
text_fieldsചെടികളോടും മരങ്ങളോടും സംസാരിക്കുന്നവരെ കണ്ടിട്ടില്ലേ? എന്താണ് ഈ കാണിക്കുന്നത് എന്ന് പലരും ഇവരെ കളിയാക്കാറുണ്ട്. എന്നാൽ ചെടികൾ ശബ്ദമുണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ? ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
വളരുകയും പുഷ്പിക്കുകയും കായ്ക്കുകയും മാത്രമല്ല, ചെടികൾ സംസാരിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ. പ്രത്യേകിച്ച് വളരെ സമ്മർദത്തിൽ കഴിയുന്ന ചെടികൾ. അവ കരയുന്നതുപോലെ ശബ്ദമുണ്ടാക്കും. മനുഷ്യരുടെ അതേ ഉച്ചതയിലുള്ള ശബ്ദമാണ് ഉണ്ടാക്കുന്നതെങ്കിലും ആവൃത്തി കൂടുതലായതിനാൽ നമുക്ക് കേൾക്കാൻ സാധിക്കില്ല.
ക്ലിക്കിന്റെ ശബ്ദം, പോപ്കോൺ വെന്ത് പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദം എന്നിവയുമായി സാമ്യമുള്ളതാണ് ചെടികൾ പുറത്തുവിടുന്ന ശബ്ദം. സെൽ എന്ന ജേണലിലാണ് പഠന വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഒരു ഹരിത ഗൃഹത്തിൽ അക്വാട്ടിക് ചേംബറിലുള്ള തക്കാളി,പുകയില ചെടികളുടെ വളർച്ചാ ഘടകങ്ങൾ നിരീക്ഷിക്കുന്നതിനിടെയാണ് ചെടികളിൽ നിന്നുള്ള അൾട്രാസോണിക് ശബ്ദം റെക്കോർഡ് ചെയ്തതെന്ന് ഗവേഷകർ വ്യക്തമാക്കി.
തക്കാളിയും പുകയിലയും കൂടാതെ, ഗോതമ്പ്, ചോളം, കള്ളിമുൾച്ചെടി, ഹെൻബിറ്റ് എന്നിവയുടെ ശബ്ദം റെക്കോർഡ് ചെയ്തിട്ടുണ്ട്. ഈ ചെടികളെയെല്ലാം വ്യത്യസ്ത അവസ്ഥയിലൂടെ കടത്തിവിട്ട ശേഷമാണ് ശബ്ദം റെക്കോർഡ് ചെയ്യാൻ ആരംഭിച്ചത്.
ചില ചെടികൾക്ക് അഞ്ചു ദിവസത്തോളം വെള്ളമൊഴിച്ചില്ല, ചിലതിന്റെ തണ്ടുകൾ മുറിച്ചു മാറ്റി, ചില ചെടികളെ സ്പർശിച്ചതേയില്ല. ഈ ചെടികളെയെല്ലാം ശാന്തമായ, പശ്ചാത്തല ശബ്ദങ്ങളൊന്നുമില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്ത് ശബ്ദം കൃത്യമായി കേൾക്കാൻ സാധിക്കന്ന അക്വാസ്റ്റിക് ബോക്സിലാണ് വെച്ചത്. അതിൽ ശബ്ദം റെക്കോർഡ് ചെയ്യാനുള്ള അൾട്രാസോണിക് മൈക്രോഫോണുകളും സെറ്റ് ചെയ്തിരുന്നു. 20-250 കിലോ ഹെർട്സ് ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന മൈക്രോഫോണുകളായിരുന്നു ഇവ.
മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന ശബ്ദം 16 കിലോ ഹെർട്സ് ആണ്. റെക്കോർഡിങ്ങിൽ നിന്ന് വ്യക്തമായത് ചെടികൾ പുറപ്പെടുവിക്കുന്ന ശബ്ദം 40-80 കിലോ ഹെർട്സാണ്. സമ്മർദങ്ങളൊന്നുമില്ലതെ, കൃത്യമായി വെള്ളവും വെളിച്ചവും പരിചരണവും ലഭിക്കുന്ന ചെടികൾ ശരാശരി മണിക്കൂറിൽ ഒന്നിൽ കുറവ് ശബ്ദമാണ് പുറപ്പെടുവിക്കുന്നത്.
എന്നാൽ വെള്ളം കിട്ടാതെയും തണ്ട് മുറിക്കപ്പെട്ടും സമ്മർദത്തിലായ ചെടികൾ എല്ലാ മണിക്കൂറുകളിലും ഒരു ഡസനോളം ശബ്ദമുണ്ടാക്കുന്നു.- സ്കൂൾ ഓഫ് പ്ലാൻറ് സയൻസ് ആന്റ് ഫുഡ് സെക്യൂരിറ്റി ഫാക്കൽറ്റി പ്രഫ. ലിലാച് ഹദനി പറഞ്ഞു.
റെക്കോർഡ് ചെയ്ത ശേഷം മനുഷ്യർക്ക് കേൾക്കാൻ സാധ്യമാകും വിധം മാറ്റിയ ചെടികളുടെ ശബ്ദം. (കടപ്പാട് : nature.com)
നിർമിത ബുദ്ധി ഉപയോഗിച്ച് ശബ്ദ റെക്കോർഡിങ്ങുകൾ അവലോകനം ചെയ്യുകയും വിവിധ ചെടികളെയും അവയുടെ വ്യത്യസ്ത ശബ്ദങ്ങളെയും തിരിച്ചറിയുകയും ഈ ശബ്ദങ്ങളിൽ നിന്ന് ചെടികളെയും അവ നേരിടുന്ന പ്രശ്നങ്ങളെയും മനസിലാക്കാൻ സാധിക്കുകയും ചെയ്തുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
‘ഏറെക്കാലത്തെ ശാസ്ത്ര വിവാദമാണ് പരിഹരിച്ചിരിക്കുന്നത്. ചെടികൾക്കും ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ തെളിയിച്ചു. നമുക്ക് ചുറ്റുമുള്ള ലോകം പൂർണമായും ചെടികളുടെ ശബ്ദങ്ങളാൽ മുഖരിതമാണ്. കൂടാതെ, ഈ ശബ്ദങ്ങളിലെല്ലാം വെള്ളം വേണം, മുറിവ് പറ്റിയിട്ടുണ്ട് തുടങ്ങിയവ പോലെയുള്ള വിവരങ്ങളുമുണ്ട്.’ - പ്രഫ. ഹദനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.