അഗ്നി 5 മിസൈൽ പരീക്ഷണം വിജയകരം; അഭിനന്ദിച്ച് നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിന്റെ പരീക്ഷണം വിജയം. ഒന്നിലധികം ആയുധങ്ങൾ വിന്യസിക്കാൻ ശേഷിയുള്ള മിസൈലാണിത്. ‘മിഷൻ ദിവ്യാസ്ത്ര’ എന്ന് പേരിട്ട പരീക്ഷണത്തിൽ പങ്കാളികളായ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 5000 കിലോമീറ്റർ ആണ് പരിധി. ‘മൾട്ടിപ്പ്ൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എം.ഐ.ആർ.വി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മിസൈൽ പരീക്ഷിച്ചത്.
‘മിഷൻ ദിവ്യാസ്ത്ര’യോടെ, എം.ഐ.ആർ.വി ശേഷിയുള്ള രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയുമെത്തി. ഒരു മിസൈലിന് വിവിധ സ്ഥലങ്ങളിൽ ഒന്നിലധികം ആയുധങ്ങൾ വിന്യസിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. മിസൈലിന്റെ പ്രോജക്ട് ഡയറക്ടർ ഒരു വനിതയാണെന്ന് ഉന്നത കേന്ദ്രങ്ങൾ അറിയിച്ചു. തദ്ദേശീയമായ വ്യോമ പ്രതിരോധ സംവിധാനങ്ങളും സെൻസർ പാക്കേജുകളുമാണ് മിസൈലിൽ സജ്ജീകരിച്ചത്. ആയുധപ്രയോഗത്തിന്റെ കൃത്യത ഉറപ്പാക്കുന്നവയാണിത്.
രാജ്യത്തിന്റെ ദീർഘകാല സുരക്ഷാ ആവശ്യങ്ങൾ പരിഗണിച്ചാണ് 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-5 വികസിപ്പിച്ചത്. ചൈനയുടെ അറ്റം വരെയും യൂറോപ്പിലെ ചില പ്രദേശങ്ങളെയും പ്രഹര പരിധിയിലാക്കാൻ മിസൈലിന് കഴിയും. അഗ്നി 1 മുതൽ 4 വരെയുള്ള മിസൈലുകൾക്ക് 700 കിലോമീറ്റർ മുതൽ 3,500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ശത്രുപക്ഷത്തുനിന്നുള്ള മിസൈലുകളെ തടയാനുള്ള ഗവേഷണം ഇന്ത്യയിൽ സജീവമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.